നിയമസഭാ തെരഞ്ഞെടുപ്പ്: മാർച്ച് 12 മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം;ജില്ലാ കളക്ടർ.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാർച്ച് 12 മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. ഓണ്‍ലൈനില്‍ തയ്യാറാക്കുന്ന നാമനിര്‍ദേശ പത്രികയുടെ പ്രിന്‍റ് എടുത്ത് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല എന്നും ജില്ലാ കളക്ടർ പറഞ്ഞു. സ്ഥാനാർത്ഥികളുടെ സത്യപ്രസ്താവന ഈ പോർട്ടലിലൂടെ പൊതുജനങ്ങൾക്കും കാണാന്‍ സാധിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി 2 പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളില്‍  അധികം ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം എന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു.