നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂർത്തിയായി.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂർത്തിയായതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ഓരോരുത്തരുടെയും  ചുമതല നിര്‍ണയിക്കുന്ന ആദ്യ റാന്‍ഡമൈസേഷനില്‍ 19143 ജീവനക്കാരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഇ - പോസ്റ്റിംഗ് സോഫ്റ്റ് വെയര്‍ മുഖേന 13492 പേരെ തിരഞ്ഞെടുത്തതായും ഇതിൽ 3373 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ്,സെക്കന്‍ഡ്,തേഡ് പോളിംഗ് ഓഫീസര്‍മാരും ഉൾപ്പെടുന്നതായും ജില്ലാ കലകട്ർ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവരിൽ 3868 പേർ റിസർവ്  ഉദ്യോഗസ്ഥരാണ്. 6476 പേർ സ്ത്രീകളാണ്. ഉദ്യോഗസ്ഥരെ പോളിംഗ് ജോലിക്ക് നിയോഗിക്കുന്ന നിയോജക മണ്ഡലം നിര്‍ണയിക്കുന്ന രണ്ടാമത്തെ റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 21ന് മുന്‍പ് നടക്കും.

ഏപ്രില്‍ മൂന്നിനാണ് പോളിംഗ് ബൂത്ത് നിര്‍ണയിക്കുന്ന മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍. രണ്ട്, മൂന്ന് ഘട്ടങ്ങളിലെ റാന്‍ഡമൈസേഷന്‍ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലാണ്  നിര്‍വഹിക്കുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മാർച്ച് 16 ന് ആരംഭിക്കും എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.