നവമാധ്യമങ്ങൾക്കൊപ്പം പഴമയുടെ പുതുമയുമുണ്ട് ഈ തെരഞ്ഞെടുപ്പിൽ.


കോട്ടയം: നവമാധ്യമങ്ങൾക്കൊപ്പം പ്രചരണം ശക്തമാക്കുന്ന സ്ഥാനാർത്ഥികൾ ഈ തെരഞ്ഞെടുപ്പിൽ പഴമയുടെ തെരഞ്ഞെടുപ്പ് പ്രചരണ രീതികളും മറന്നിട്ടില്ല. നവമാധ്യമങ്ങൾ ഇന്ന് എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും മുന്നണികളും പ്രചരണ പ്രവർത്തനങ്ങൾ നവമാധ്യമങ്ങളിലും ശക്തമാക്കുകയാണ്.

യുവത്വത്തിനൊപ്പം മുതിര്ന്നവരും ഇപ്പോൾ നവമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. പ്രചാരണ രീതികളിൽ പുതുമ വരുമ്പോഴും പഴമയുടെ പ്രചാരണ രീതികൾ സ്ഥാനാർത്ഥികൾ മറന്നിട്ടില്ല. ചുവരെഴുത്തും പെയിന്റ് ബാനറുകളും ഇടം നേടിയിട്ടുണ്ട്. ഫ്ളക്സുകളും പോസ്റ്ററുകളും സജീവമായ ഇക്കാലത്ത് പരമ്പരാഗത പ്രചാരണ രീതിയെയും സ്ഥാനാർത്ഥികൾ കൂട്ട് പിടിക്കുന്നുണ്ട്. മുൻപ് തെരഞ്ഞെടുപ്പുകളിൽ എല്ലാ ചുവരുകളും സ്ഥാനാർത്ഥികളുടെ പ്രചാരണ ചുവരെഴുത്തുകൾ കാണാമായിരുന്നു. ചുവരെഴുത്തിന്റെ ഭൂരിഭാഗവും ഇന്ന് പോസ്റ്ററുകൾ കയ്യടക്കിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമാക്കിയതോടെയാണ് ചുവരെഴുത്തും തുണി ബാനറും തിരിച്ചെത്തിയത്. ചുവരെഴുത്ത് കലാകാരന്മാരും സജീവമാണ്.