ഏറ്റുമാനൂർ: ചതുഷ്‌കോണ മത്സരത്തിന് കളമൊരുങ്ങുന്ന ഏറ്റുമാനൂരിൽ ജനഹിതം തങ്ങൾക്ക് തന്നെയെന്ന് ഉറപ്പിച്ചു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ നിയോജക മണ്ഡലം. ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് ഏറ്റുമാനൂർ വാർത്തകളിൽ നിറഞ്ഞതും ശ്രദ്ധാ കേന്ദ്രമായി മാറിയതും. കരമശ്ശേരി,കളരിപ്പറമ്പ്, കുമരകം തുടങ്ങിയ മേഖലകളിൽ നേരിട്ടെത്തി വോട്ടഭായര്തിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ. എന്നിലുള്ള ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നു വി എൻ വാസവൻ പറഞ്ഞു.
ജനക്ഷേമത്തിനു പ്രാധാന്യം നൽകിയ ഇടതുപക്ഷ സർക്കാരിന് തുടർ ഭരണം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാന്നാനം, ഏറ്റുമാനൂർ,അയ്മനം മേഖലകളിൽ ഭാവന സന്ദർശനം നടത്തി നേരിട്ട് വോട്ടഭ്യർത്ഥിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ്. തൊഴിലാളി സംഘടനകളുടെ യോഗത്തിലും പ്രിൻസ് ലൂക്കോസ് പങ്കെടുത്തു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സൗജന്യ റേഷൻ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരം കിളിരൂർ തിരുവാർപ്പ്, കുമരകം മേഖലകളിൽ ബിജെപി സ്ഥാനാർഥി ടി എൻ ഹരികുമാർ പര്യടനം നടത്തി. മേഖലയിലെ വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. കുമരകം പഞ്ചായത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ് ഏറ്റുമാനൂർ നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ്. ഏറ്റുമാനൂരിലെ സമഗ്ര വികസനത്തിനായാണ് താൻ വോട്ടഭ്യർത്ഥിക്കുന്നത് എന്ന് ലതികാ സുഭാഷ് പറഞ്ഞു.
