കോട്ടയം: കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. കോട്ടയം നഗരത്തിൽ ലോട്ടറി വിൽപ്പന നടത്തുന്ന തമിഴ്‌നാട് സ്വദേശി കാളിരാജ് ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെ കോട്ടയം തിരുനക്കരയിലാണ് അപകടം ഉണ്ടായത്. തിരുനക്കര മൈതാനത്തിനു പിൻവശത്ത് റോഡ് മുറിച്ചു കടക്കുന്നതിനെ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിൽ വീണ കാളിരാജിന്റെ ശരീരത്തിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങിയതായാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും പോലീസും ചേർന്ന് ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ റോഡിൽ പരന്ന രക്തം അഗ്നി രക്ഷാ സേനയെത്തി കഴുകി കളഞ്ഞു.
