ആബ്‌സെന്റീ വോട്ടർമാർക്കുള്ള തപാൽ വോട്ടിങ്ങിൽ ആദ്യ ദിനം ജില്ലയിൽ വോട്ട് ചെയ്തത് 2731 പേർ.


കോട്ടയം: ആബ്‌സെന്റീ വോട്ടർമാർക്കുള്ള തപാൽ വോട്ടിങ്ങിൽ ആദ്യ ദിനം ജില്ലയിൽ വോട്ട് ചെയ്തത് 2731 പേർ. ജില്ലയില്‍ 28939 പേർക്കാണ് തപാല്‍ വോട്ടിന് അര്‍ഹതയുള്ളത്.

ഇതില്‍ 23814 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍-3314, കോവിഡ് രോഗികളും ക്വാറന്റയിനിൽ കഴിയുന്നവരും-54, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍-1757 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്‌സെന്റീ വോട്ടര്‍മാരുടെ എണ്ണം. അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് വീടുകളില്‍വച്ചുതന്നെ തപാല്‍ വോട്ടു ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനായി പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങള്‍ ഇവരുടെ പക്കലെത്തിയാണ് വോട്ട് രേഖപ്പെടുത്തിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ ജില്ലയിൽ 2731 പേർ അവരവരുടെ താമസ സ്ഥലത്ത് വെച്ച് തന്നെ വോട്ട് രേഖപ്പെടുത്തി. 80 വയസ്സിനു മുകളിലുള്ള 2420 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 311 പേർ വോട്ട് ചെയ്തു. കോവിഡ് രോഗബാധിതരായവരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആരും തന്നെ ഇന്നലെ വോട്ട് രേഖപ്പെടുത്തിയിട്ടില്ല.