കാഞ്ഞിരപ്പള്ളി: റിമാൻഡിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയയായ ഷെഫീഖിന്റെ മരണം അന്വേഷണത്തിനായി സി ബി ഐ ക്ക് വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഷെഫീഖിന്റെ കുടുംബം പ്രതികരിച്ചു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് മർദ്ദനമേറ്റാണ് മകൻ മരിച്ചതെന്നും പിതാവ് ഇസ്മായിൽ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. യുവാവിന്റെ തലയിൽ മുറിവുകൾ ഉണ്ടെന്നും ശരീരത്തിലും മുഖത്തും പരിക്കുകൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ചൊവ്വാഴ്ച്ച അപസ്മാരമുണ്ടായെന്നും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ജയിൽ വകുപ്പിന്റെ റിപ്പോർട്ടിലും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യന്റെയും റിപ്പോർട്ടിൽ പറയുന്നത് പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായിട്ടില്ല എന്നാണു.
