കോട്ടയത്ത് റിമാൻഡ് പ്രതിയുടെ മരണം;അന്വേഷണം സിബിഐ ക്ക് വിടുമെന്ന് മുഖ്യമന്ത്രി.


കോട്ടയം: കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐ ക്ക് വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫീഖ് ആണ് റിമാൻഡിലിരിക്കെ മരിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് മർദ്ധനത്തിനു ഇരയായാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജയിൽ വകുപ്പിന്റെയും മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യന്റെയും റിപ്പോർട്ടിൽ പറയുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ഉദയംപേരൂർ പോലീസ് കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ  തിങ്കളാഴ്ച്ചയാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്.  കോവിഡ് സെന്ററിൽ റിമാൻസിൽ കഴിഞ്ഞിരുന്ന പ്രതിക്ക് അപസ്മാരമുണ്ടായെന്നും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണു പോലീസ് പറയുന്നത്. കസ്റ്റഡി മരണങ്ങൾ സിബിഐ ക്ക് അന്വേഷണത്തിന് വിടാൻ നേരത്തെ തീരുമാനിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.