കോട്ടയം: ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത് 16 പേര്‍ മാത്രമാണെന്നും വാക്‌സിന്‍ നിരാകരിക്കുന്ന പ്രവണത പൊതുവേ ഇല്ലെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

ഉദ്ഘാടന ദിവസമായ ജനുവരി 16 മുതല്‍ മൂന്നു ദിവസങ്ങളിലായി ആരോഗ്യ മേഖലയില്‍നിന്നുള്ള 1690 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചത്. ജില്ലയിൽ 9 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടക്കുന്നത്. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്കു വീതം മൂന്നു ദിവസം ഒന്‍പതു കേന്ദ്രങ്ങളിലായി ആകെ 2700 പേര്‍ക്കാണ് നല്‍കേണ്ടിയിരുന്നത്. ഇത്രയും ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.
നിശ്ചിത തീയതിയില്‍ എത്താന്‍ കഴിയുന്നവരെ മാത്രം കണ്ടെത്തി വാക്സിനേഷന്‍ പുനഃക്രമീകരിക്കുന്നതിന് കോവിന്‍ സോഫ്റ്റ് വെയറിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും പരിമിതികള്‍ തടസമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണ് എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.
