കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് വിമുഖത;ജില്ലാ മെഡിക്കൽ ഓഫീസർ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർ വിമുഖത കാട്ടുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗീസ്.

 

ജില്ലയിൽ 9 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം 900 പേർക്കാണ് ഒരു ദിവസം വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. എന്നാൽ രജിസ്റ്റർ ചെയ്ത അത്രയും ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിക്കാൻ എത്താത്തതിൽ ആരോഗ്യ പ്രവർത്തകരുടെ വിമുഖത പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ദിനമായ ശനിയാഴ്ച്ച ജില്ലയിൽ സജ്ജമാക്കിയിരുന്ന 9 കേന്ദ്രങ്ങളിൽ നിന്നായി 610 ആരോഗ്യ പ്രവർത്തകരും രണ്ടാം ദിനമായ തിങ്കളാഴ്ച്ച ജില്ലയിൽ 500 ആരോഗ്യ പ്രവർത്തകരും മൂന്നാം ദിനമായ ചൊവ്വാഴ്ച്ച 580 പേരുമാണ് വാക്സിൻ സ്വീകരിച്ചത്. ജില്ലയിൽ ഇതുവരെ മൂന്നു ദിവസങ്ങളിലായി 2700 പേർ വാക്സിൻ സ്വീകരിക്കേണ്ടിടത്ത് വാക്സിൻ സ്വീകരിച്ചത് 1690 പേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രജിസ്റ്റർ ചെയ്തു സമയം നൽകിയിരിക്കുന്ന ആരോഗ്യ പ്രവർത്തകർ എത്താതിരുന്നാൽ പെട്ടന്ന് മറ്റുള്ളവരെ സജ്ജമാക്കാൻ സാധിക്കില്ല. ആരോഗ്യ പ്രവർത്തകരിൽ ഏതു വിഭാഗത്തിലുള്ളവർക്കാണ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നത് എന്ന് പരിശോധിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗീസ് പറഞ്ഞു.