കോവിഡിൽ ജോലി നഷ്ടപ്പെട്ടു, കാർ വാഷിങ് സെന്ററിൽ ജോലി ചെയ്ത് അധ്യാപകൻ.


മണിമല: കോവിഡ് മഹാമാരി ലോകമാകെ പടർന്നു പിടിച്ചതോടെ വൈറസ് വ്യാപനത്തിന്റെ പേടിക്കൊപ്പം പലരുടെയും ജോലിയും നഷ്ടപ്പെട്ടിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള നിരവധിപ്പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്.

 

കോവിഡ് വ്യാപനത്തെത്തുടർന്നു ജോലി നഷ്ടമായ ഒരു അധ്യാപകനെയും അദ്ദേഹത്തിന്റെ തളരാത്ത അതിജീവനത്തെപ്പറ്റിയുമായി ഇനി പറയാൻ പോകുന്നത്. ഇത് മണിമല തുണ്ടിയിൽ ടോം സെബാസ്റ്റ്യൻ. എംഎ ബി.എഡ് വിജയകരമായി പൂർത്തീകരിച്ച ശേഷം ഇദ്ദേഹം കഴിഞ്ഞ മാർച്ച് വരെ പുലിക്കല്ല് കെ ജെ ചാക്കോ മെമ്മോറിയൻ ഹൈസ്‌കൂളിൽ താത്ക്കാലിക അധ്യാപകനായിരുന്നു. ഈ വർഷം ജോലി സ്ഥിരമാകുമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നത്. 



    സ്‌കൂളുകൾ അടച്ചതോടെ ടോമിന് ജോലിയും നഷ്ടമായി. എന്നാൽ കോവിഡ് തളർത്താത്ത അതിജീവനത്തിന്റെ പോരാട്ടത്തിനുടമായി എന്ത് ജോലിയും ചെയ്യാൻ തയ്യാറാക്കുകയായിരുന്നു കുട്ടികളുടെ പ്രിയ അദ്ധ്യാപകൻ. മണിമലക്ക് സമീപമുള്ള കാർ വാഷിങ് സെന്ററിൽ കാർ കഴുകി നൽകുന്ന ഈ അധ്യാപകനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. 

    ''കോവിഡ് പടർന്നു പിടിച്ചപ്പോൾ സ്‌കൂളുകൾ തുറക്കാനാകാത്ത സാഹചര്യമുണ്ടായി. ജോലി ഇല്ലാതെ വന്നതോടെ വിവിധയിടങ്ങളിൽ ജോലി അന്വേഷിച്ചു. ഒന്നും ലഭിക്കാതായപ്പോൾ കൂലിപ്പണിക്ക് പോകാനും തയ്യാറായി. പിന്നീടാണ് മണിമലക്ക് സമീപമുള്ള കാർ വാഷിങ് സെന്ററിൽ കാർ കഴുകുന്നതിനായി ജോലി കിട്ടിയത്.''ടോം സെബാസ്റ്റ്യൻ പറയുന്നു. 

    പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞുമടങ്ങുന്നതാണ് ടോമിന്റെ കുടുംബം. ഒരു അധ്യാപകൻ മാത്രമല്ല ടോം സെബാസ്റ്റ്യൻ. മികച്ച അഭിനേതാവും ഗായകനുമാണ്. നിരവധി ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും ടോം അഭിനയിച്ചിട്ടുണ്ട്. 

    എംഎ ബി.എഡ് പഠനത്തിനുശേഷം ഹയർ സെക്കൻഡറിയിൽ ഉൾപ്പടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 4 വർഷത്തെ അധ്യാപക ജോലിക്ക് ശേഷമാണ് എയ്ഡഡ് സ്‌കൂളായ പുലിക്കല്ല് കെ ജെ ചാക്കോ മെമ്മോറിയൻ ഹൈസ്‌കൂളിൽ കഴിഞ്ഞ മാർച്ച് വരെ 2 വർഷമായി ലീവ് വേക്കൻസിയിൽ താത്കാലിക അധ്യാപകനായിരുന്നു ടോം സെബാസ്റ്റ്യൻ.