കുടമാളൂർ അമ്പാടിക്കവലയ്ക്കു സമീപം റോഡിലെ കുഴിയിൽ ഇരുചക്ര വാഹനം വീണുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുടമാളൂർ സ്വദേശിനി മരിച്ചു.


കോട്ടയം: കുടമാളൂർ അമ്പാടിക്കവലയ്ക്കു സമീപം റോഡിലെ കുഴിയിൽ ഇരുചക്ര വാഹനം വീണുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുടമാളൂർ സ്വദേശിനി മരിച്ചു. കുടമാളൂർ ഹൈസ്കൂൾ ജംക്‌ഷനു സമീപം തുണ്ടിപ്പറമ്പിൽ ജോസഫ് തോമസിന്റെ ഭാര്യ ഷൈനി തോമസ് (58) ആണു മരിച്ചത്. കഴിഞ്ഞ 2 നു രാവിലെ കുടമാളൂർ പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത ശേഷം മകൻ ഡിനുവിനൊപ്പം വീട്ടിലേക്കു തിരികെ ഇരുചക്രവാഹനത്തിൽ വരുമ്പോഴാണ് കുടമാളൂർ അമ്പാടിക്കവലയ്ക്കു സമീപം അപകടമുണ്ടായത്. വളവിലെ കുഴിയിൽ ഇരുചക്രവാഹനം ചാടിയപ്പോൾ ഷൈനി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു എന്ന് മകൻ പറഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൈനിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയെയാണ് മരണം സംഭവിച്ചത്. മക്കൾ: ഡാനി, ഡോണി, ഡിനു. മരുമക്കൾ: ടീനു, അഞ്ചു.