തദ്ദേശ തെരഞ്ഞെടുപ്പ്;വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളില്‍ എത്തിച്ചു തുടങ്ങി.കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുമാനൂരിലെ ഇവി.എം വെയര്‍ഹൗസില്‍നിന്നും സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റിത്തുടങ്ങി. പള്ളം, പാമ്പാടി, കടുത്തുരുത്തി, ളാലം, ഏറ്റുമാനൂര്‍, വൈക്കം, ബ്ലോക്കുകളിലേക്കും ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശേരി മുനിസിപ്പാലിറ്റികളിലേക്കുമുള്ള യന്ത്രങ്ങളാണ് ഇന്നലെ നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സെക്രട്ടറിമാരാണ് ഇവ ഏറ്റുവാങ്ങി സ്‌ട്രോംഗ് റൂമുകളില്‍ എത്തിച്ചത്. സ്‌ട്രോംഗ് റൂമുകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജിയോ.ടി. മനോജ്, ഹൂസൂര്‍ ശിരസ്തദാര്‍ എന്‍.എസ്. സുരേഷ്‌കുമാര്‍, റവന്യു ജൂനിയര്‍ സൂപ്രണ്ട് ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. മാടപ്പള്ളി, വാഴൂര്‍, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്കുകളിലേക്കും കോട്ടയം, പാലാ മുനിസിപ്പാലിറ്റികളിലേക്കുമുള്ള യന്ത്രങ്ങള്‍ ഇന്ന് വിതരണം ചെയ്തു.