കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് - യുഡിഎഫ് മുന്നണികൾക്കൊപ്പം കേരളാ കോൺഗ്രസിലും തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതോടെ ജില്ലാ പഞ്ചായത്തുൾപ്പടെ കൂടുതൽ മേഖലകളിൽ ഭരണം പിടിച്ചെടുക്കാനായാണ് എൽഡിഎഫ് പരിശ്രമിക്കുന്നത്. എന്നാൽ ജോസ് കെ മാണി യുഡിഎഫ് വിട്ടത് തങ്ങളെ ബാധിക്കില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ സ്വാന്തമാക്കി ഭരണം പിടിച്ചെടുക്കാനുമാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. ഇരുമുന്നണികൾക്കൊപ്പം കേരളാ കോൺഗ്രസ്സ് വിഭാഗങ്ങളിലും തെരഞ്ഞെടുപ്പ് പോര് മുറുകിയിരിക്കുകയാണ്. ഇരുമുന്നണികളിലെയും കേരളാ കോൺഗ്രസ്സ് വിഭാഗങ്ങൾ പ്രചാരണ പരിപാടികളുമായി സജീവമായി കളത്തിലുണ്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രാധാന്യമുള്ള മേഖലയായി കോട്ടയം മാറിയിരിക്കുകയാണ്. രണ്ടില ചിഹ്നം ലഭിച്ചതോടെ ആവേശത്തിലാണ് പ്രവർത്തകരും സ്ഥാനാർത്ഥിമാരും. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയതോടെ വരുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ പരാജയപ്പെടുത്താനാകുമെന്ന് വിശ്വാസത്തിലാണ് എൽഡിഎഫ്. ഫലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ യഥാർത്ഥ കേരളാ കോൺഗ്രസ്സ് താങ്ങളാണെന്നും പ്രവർത്തകർ തങ്ങൾക്കൊപ്പവും ആണെന്ന് തെളിയിക്കാനുള്ള വാശിയേറിയ പോരാട്ടമാണ് ജോസ്-ജോസഫ് വിഭാഗങ്ങളിൽ നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്; ഇരുമുന്നണികൾക്കൊപ്പം കേരളാ കോൺഗ്രസിലും പോര് മുറുകുന്നു.
