ദുബായ് ദേശീയ ദിനത്തിൽ കോവിഡ് മുന്നണിപ്പോരാളികളിലൊരാളായി ആദരവ് ഏറ്റുവാങ്ങി കോട്ടയം സ്വദേശിനി.



കോട്ടയം: ദുബായ് ദേശീയ ദിനത്തിൽ കോവിഡ് മുന്നണിപ്പോരാളികളിലൊരാളായി ആദരവ് ഏറ്റുവാങ്ങി കോട്ടയം സ്വദേശിനി. യു എ ഇ യുടെ 49-ാമത് ദേശീയ ദിനാഘോഷ പരിപാടിയുടെ ഭാഗമായി യു.ബി.എല്ലും മാസ്‌കയുംആണ് കോവിഡ് മുന്നണി പോരാളികളെ ആദരിച്ചത്. കോട്ടയം കിടങ്ങൂർ സ്വദേശിനിയും ലത്തിഫാ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റ് നേഴ്‌സുമായ രാജശ്രീ നായരാണ് കോവിഡ് മുന്നണിപ്പോരാളികളിലൊരാളായി ആദരവ് ഏറ്റുവാങ്ങിയത്. ദുബായിലെ പ്രമുഖ ദൃശ്യമാധ്യമമായ യു.ബി.എല്‍-എച്ച്.ഡിയും സാംസ്‌കാരിക സംഘടനയായ മാസ്‌കയും സംയുക്തമായി സംഘടിപ്പിച്ച 49-ാമത് ദേശീയ ദിനാഘോഷ പരിപാടിയിലാണ് കോവിഡ് മുന്നണി പോരാളികളെ ആദരിച്ചത്. 



    കോറല്‍ പെര്‍ഫ്യൂംസ് യു.ബി.എല്‍-മാസ്‌ക ലൈലത്തല്‍ ഇമരാത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാജശ്രീ നായർക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി, നഴ്‌സുമാരായ ജോസഫ് കിഴക്കേ പറമ്പില്‍ സാമുവല്‍, സുബിന്‍ ജി രാജു, പ്രിന്‍സ് ടോം, ഷീബ വര്‍ഗീസ് എന്നിവരും ആദരവ് ഏറ്റുവാങ്ങി. മാസ്‌ക ചെയര്‍മാന്‍ ബിബി ജോണ്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാസ്‌ക രക്ഷാധികാരി സുഹൈല്‍ മുഹമ്മദ് അല്‍ സറൂനി മുഖ്യാതിഥിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുബൈ ക്രൗണ്‍ പ്ലാസയിലാണ് ചടങ്ങുകൾ നടന്നത്.