കോവിഡ്;സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക ജില്ലയിൽ ഡിസംബർ ഒന്ന് മുതൽ തയ്യാറാക്കും.



കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക കോട്ടയം ജില്ലയിൽ ഡിസംബർ ഒന്ന് മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഡിസംബർ 10ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഡിസംബർ ഒന്നിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം എന്നും ഡിസംബർ രണ്ട് മുതൽ ഡിസംബർ ഒൻപതിന് വൈകിട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം എന്നും സ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കും. 

    തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളിൽ കഴിയുന്ന സ്‌പെഷ്യൽ വോട്ടർമാർ ഉൾപ്പെടുന്ന സർട്ടിഫൈഡ് ലിസ്റ്റ് തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതൽ അതാത് ദിവസം ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഈ പട്ടിക സ്‌പെഷ്യൽ വോട്ടറുൾപ്പെടുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന് അതാത് ദിവസം തന്നെ നൽകണം എന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന പട്ടികയിലുള്ള മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്കുള്ള പോസ്റ്റൽ ബാലറ്റ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾ അയച്ച് കൊടുക്കും. 

    സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് മുഖേനയോ ആൾവശമോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവർ വാർഡിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുൻപ് വരണാധികാരിക്ക് ലഭിക്കത്തക്കവിധം തിരികെ നൽകണം.