കോട്ടയം: കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. ബംഗാൾ സ്വദേശി ശങ്കർ (40) ആണു മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലാട് സ്വദേശി എബനേസർ ജോസഫിനെ (55) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിച്ചന്ത റോഡിനു സമീപമായി കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് പോകാനായി എത്തിയ ബസ്സിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ അകപ്പെട്ട ഇരുവരെയും പോലീസും അഗ്നിരക്ഷാ സേനയും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും വെൽഡിങ് ജോലികൾ ചെയ്യുന്നവരാണ്. അപകടത്തിൽ മരിച്ച ബംഗാൾ സ്വദേശി ശങ്കറിന്റെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ.
