ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്റേതായിരുന്നു. സാമൂഹികാനാചാരങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടുകൊണ്ടുപോകേണ്ടതുണ്ട്. എല്ലാ വിധ വേർതിരിവുകൾക്കുമതീതമായ, എല്ലാവിധ ഉച്ചനീചത്വങ്ങൾക്കും അതീതമായ മലയാളിയുടെ ഒരുമ. അതാവണം നമ്മുടെ ലക്ഷ്യം. വിവിധങ്ങളായ മിഷനുകളുടെയും നവകേരള നിർമിതിയുടെയും മഹത്തായ ആശയങ്ങളെ കൂടുതൽ ഊർജസ്വലമായി പ്രായോഗികമാക്കുക എന്നതാവണം നമ്മുടെ കടമ എന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ ഏറെ മാറ്റി. സമഗ്രമായ വികസനമുണ്ടാകണം. അതിനായാണ് പച്ചക്കറികൃഷിക്കും ശുചിത്വത്തിനും സമ്പൂർണ ഭവനനിർമാണത്തിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസ നവീകരണത്തിനുമൊക്കെ പ്രത്യേക മിഷനുകളുമായി സർക്കാർ മുമ്പോട്ടുപോകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുലക്ഷത്തിൽ പരം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് പുനരാകർഷിക്കപ്പെട്ടതും നാൽപത്തിയ്യായിരത്തിലധികം ക്ലാസ് മുറികൾ ഹൈടെക്ക് ആയതും രണ്ടേകാൽ ലക്ഷത്തിലധികം ഭവനരഹിതർ ഭവന ഉടമകളായതും മറ്റും പ്രളയം മുതൽ മഹാമാരിവരെയുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നാം ഉണ്ടാക്കിയ നേട്ടങ്ങളാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ അത് എന്നും തിളങ്ങിനിൽക്കുക തന്നെ ചെയ്യും.
കേരളത്തിലെ ഏതാണ്ട് 97 ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണ് എന്നിരിക്കെ ഭരണഭാഷ അതുതന്നെയാവണം എന്ന കാര്യത്തിൽ സർക്കാരിന് പ്രത്യേക നിർബന്ധമുണ്ട്. മാതൃഭാഷയെ എല്ലാ അർത്ഥത്തിലും എല്ലാ തലങ്ങളിലും പൂർണമായി അധ്യയനഭാഷയാക്കാൻ കഴിയണം, ഭരണഭാഷയാക്കാൻ കഴിയണം, കോടതി ഭാഷയാക്കാൻ കഴിയണം. സംസ്‌കാരത്തെ നമുക്ക് വീണ്ടെടുത്തു ശക്തിപ്പെടുത്താൻ കഴിയണം.
കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആൾക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഈ ഘട്ടത്തിൽ നിരവധി രംഗങ്ങളിൽ കേരളത്തിന് മാതൃകാസ്ഥാനത്തെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്കിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
