കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരും ആരോഗ്യ വകുപ്പും ഏർപ്പെടുത്തിയ പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ലംഘിച്ചതിന് ഇതുവരെ ജില്ലയിൽ 18252 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. രോഗപ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച 18252 പേരിൽ 14321 പേർക്കെതിരെയും നടപടി സ്വീകരിച്ചത് മാസ്‌ക് ധരിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയോ ചെയ്തതിനാണ് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.

    ആരില്‍നിന്നും രോഗം പകരാവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ജില്ലയിൽ പ്രതിദിനം കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും ജാഗ്രത പുലര്‍ത്താത്തവര്‍ ഏറെയുണ്ട് ജില്ലാ കളക്ടർ പറഞ്ഞു. രോഗപ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരും ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നവരും നാടിനെ അപകടത്തിലേക്കാണ് നയിക്കുക എന്നും കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.  ബ്രേക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അത് അവഗണിക്കാതെ നിർബന്ധമായും പാലിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കു വേണ്ടി നിർദേശങ്ങൾ വീഴ്ച്ചവരുത്താതെ പാലിക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.