കോട്ടയം: ഇടതുപക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം കോട്ടയം നിയോജക മണ്ഡലത്തോട് കാട്ടുന്നത് തികഞ്ഞ അവഗണന എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഇടതുസർക്കാരിന്റെ കോട്ടയം നിയോജകമണ്ഡലം വികസന വിരുദ്ധതയ്ക്കും എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ 24 മണിക്കൂർ ഉപവാസം തിരുനക്കര മൈതാനത്ത് ആരംഭിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ കോട്ടയം നിയോജക മണ്ഡലത്തിൽ 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും അതിൽ ബഹു ഭൂരിപക്ഷം പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാനും സാധിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. എന്നാൽ 2016ൽ ഇടതു പക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം കോട്ടയം നിയോജക മണ്ഡലത്തോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. ചെറുതും വലുതുമായ എല്ലാ വികസന പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പ്രയാസകരമായ കാര്യം കോട്ടയം കെ എസ് ആർ ടി സി ഡിപ്പോ നവീകരണമാണ്. കോട്ടയം കെ എസ് ആർ ടി സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയുടെ പദ്ധതി ടെണ്ടർ ചെയ്തു എഗ്രിമെന്റ് വച്ചെങ്കിലും അധികൃതരുടെ ഇടപെടലുകൾ കൊണ്ട് അത് മുടങ്ങി പോയതായും തിരുവഞ്ചൂർ പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരിക്കണക്കിന് സാധാരണ യാത്രക്കാരാണ് ദിവസവും കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റേഷനെ ആശ്രയിക്കുന്നത്. യാത്രക്കാർക്ക് സൗകര്യം ഒരുക്കി നൽകുന്നതിന് വീണ്ടും 1 കോടി രൂപ എംഎൽഎ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടും പണി ആരംഭിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്കൈ വാക്ക്, കോടിമത രണ്ടാം പാലം, കഞ്ഞിക്കുഴി മേൽപ്പാലം, നാട്ടാശേരി റഗുലേറ്റർ കം ബ്രിഡ്ജ്, ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്, താലൂക്ക് ഓഫിസ് പുതിയ ബ്ലോക്ക്, കച്ചേരി കടവ് ടൂറിസം പദ്ധതി, നാഗമ്പടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം തുടങ്ങി പതിനഞ്ചോളം പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകാതിരിക്കാന്‍ അതി ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് നടക്കുന്നത് എന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു.
കോട്ടയം ജില്ലാ ആശുപത്രിക്ക് 145 കോടി രൂപ, കോടിമത- പുതുപ്പള്ളി റോഡ് 140 കോടി രൂപ, വെള്ളൂതുരുത്തി പാലത്തിനും റോഡിനുമായി 16 കോടി രൂപ കിഫ്‌ബിയിൽ നിന്ന് അനുവദിച്ചു എന്ന് 2016 ലെ ബഡ്ജറ്റിൽ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചത് വെറും ജലരേഖയായി മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം നിയോജക മണ്ഡലത്തിന്റെ വികസനം തടസപ്പെടുത്തുവാൻ നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങൾ അവസാനിപ്പിക്കണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു വേണ്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മുടങ്ങി കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
