കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടിയതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. നവംബർ 15 വരെയാണ് ജില്ലയിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഒക്ടോബർ 3 നു പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയതെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ജില്ലകളിലെ സാഹചര്യമനുസരിച്ച് അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. 

    രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയില്‍ ക്രമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും.