മൂന്ന് റെക്കോർഡുകളും കേരളീയം പുരസ്‌കാരവും കരസ്ഥമാക്കിയ മിടുമിടുക്കി; ഒടുവിൽ ഉജ്ജ്വല ബാല്യം പുരസ്‌കാരവും, കോട്ടയത്തിനഭിമാനമായി വൈക്കം സ്വദേശിനി സൂര്യഗാ


വൈക്കം: കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന 2025-ലെ ഉജ്ജ്വല ബാല്യം പുരസ്കാരം സ്വന്തമാക്കി കോട്ടയം വൈക്കം സ്വദേശിനി എസ്. സൂര്യഗായത്രി (കല്ലു-11).

2025 മാർച്ച് 22ന് ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായലിന് കുറുകെ നീന്തിക്കടന്നാണ് ആറാം ക്‌ളാസ് വിദ്യാർത്ഥിനിയായ സൂര്യഗായത്രി അഭിമാനാർഹമായ ഈ നേട്ടം സ്വന്തമാക്കിയത്. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പിൽ സുമീഷിന്റെയും രാഖിയുടെയും മകളും വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ് സൂര്യഗായത്രി.

നവംബർ 14-ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ പുരസ്‌കാരം സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 22-ന് കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന അസാമാന്യ നേട്ടത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഈ കൊച്ചുമിടുക്കി ഇടം നേടിയിരുന്നു. കൂടാതെ കേരളീയം പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിനു പുറമെ ഭരതനാട്യം, ചിത്രരചന, കരാട്ടെ എന്നീ മേഖലകളിലും മികവ് തെളിയിക്കുന്ന ഈ ആറാം ക്ലാസുകാരിയുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും ഏവർക്കും മാതൃകയാണ്. നിരവധി നീന്തൽ താരങ്ങളെ വൈക്കത്തിന് സംഭാവന ചെയ്ത വേമ്പനാട് സ്വിമ്മിങ് അക്കാദമി പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ്.കെ സൈനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇരുപത്തിയഞ്ചാമത്തെ വേൾഡ് റെക്കോർഡായിരുന്നു സൂര്യഗായത്രിയുടേത്. പ്രതിഭ കൊണ്ട് പ്രതിബന്ധങ്ങളെ നീന്തിത്തോൽപ്പിച്ച ഈ കൊച്ചുമിടുക്കിയെ അഭിനന്ദനങ്ങളാൽ മൂടുകയാണ് ഇപ്പോൾ നാട്. പുരസ്‌കാരം കരസ്ഥമാക്കി അഭിമാന നേട്ടം സ്വന്തമാക്കിയ സൂര്യഗായത്രിയെ വൈക്കം എംഎൽഎ കെ.ബിനിമോൻ അഭിനന്ദിച്ചു.

Next
This is the most recent post.
Previous
Older Post