എരുമേലി: ശബരിമല തീര്‍ത്ഥാടനകാലമായ രണ്ട് മാസത്തേയ്ക്ക് ലക്ഷങ്ങള്‍ വാടക നല്കി കട നടത്തുന്നവര്‍ക്കും ചെറിയ കട നടക്കുന്നവര്‍ക്കും ഒരേ യൂസര്‍ ഫീസ്. എരുമേലി പഞ്ചായത്തിന്റെ നടപടികൾക്കെതിരെ വ്യാപക പരാതി. ബധിരയായ വയോധികയും മുന്‍ സൈനികനും ചേര്‍ന്ന് വീടിനോട് ചേര്‍ന്ന് നടത്തുന്ന കടയ്ക്ക് ലൈസന്‍സ് ലഭിക്കാന്‍ അടയ്ക്കേണ്ടത് 12500 രൂപ.
ലൈസന്‍സിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയപ്പോഴാണ് ഇത്രയും തുക അടയ്ക്കണമെന്ന് അറിയിച്ചത്. ഇതോടെ മുന്‍ സൈനികന് പേരൂര്‍തോട് സ്വദേശി രാജന് കളക്ടര്‍ക്ക് പരാതിയും നല്കി. എന്നാല്‍ പഞ്ചായത്ത് പറയുന്നത് 70 ദിവസത്തേയ്ക്ക് നൂറ് രൂപ നിരക്കില്‍ നിശ്ചയിച്ചിരിക്കുന്ന 7000 രൂപയും ബാക്കി തുക ലൈസന്സിനുമെന്നാണ്. ശബരിമല കാനനപാതയിലേയ്ക്കുള്ള വഴിയില്‍ പേരൂര്‍തോട്ടിലാണ് വീടിനോട് ചേര്‍ന്നുള്ള കട.
സാധാരണ കടയ്ക്ക് ലൈസന്‍സിന് അപേക്ഷ നല്കിയാല് രണ്ടായിരം രൂപ മാത്രമേ ആകുകയുള്ളു. തീര്ത്ഥാടനകാലമായതിനാലാണ് താല്‍ക്കാലിക കടയുടെ പേരില്‍ ഇത്രയും തുക ഫീസ് ആയി വന്നിരിക്കുന്നത്. എന്നാല്‍ താന്‍ ഒരു വര്‍ഷം കട നടത്തിയാല്‍ കിട്ടുന്ന ലാഭം ലൈസന്‍സ് എടുക്കാന്‍ അടയ്ക്കണമെന്നാണ് പറയുന്നതെന്നും അത് അടയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്നും രാജന് പറയുന്നു. ഒരു ദിവസം നുറ് രൂപ നിരക്കില്‍ മാലിന്യ സംസ്ക്കരണം എന്ന പേരിലാണ് പഞ്ചായത്ത് പണം പിരിക്കുന്നത്.
60 ദിവസക്കാലമാണ് ശബരിമല തീര്‍ത്ഥാടനം. അത് കൂടാതെ സീസണ് ആരംഭിച്ച ദിവസം തന്നെ സ്ഥിരമായി പ്രവര്‍ത്തിച്ചിരുന്ന കടകളില്‍ നിന്നു വരെ പിഴ ഈടാക്കിയതായി ആക്ഷേപമുണ്ട്. ലൈസന്‍സിന് അപേക്ഷ നല്കി കാത്തിരുന്നവരോട് 1500 രൂപയും മാനുഫാക്ച്ചറിങ് ഡേറ്റില്ലാതെ പലഹാരം വില്‍പ്പനയ്ക്ക് വച്ച കട ഉടമയോട് 3000 രൂപ എന്നിങ്ങനെയാണ് പിഴ തുക ഈടാക്കിയത്. മൈതാനത്തെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് വൃശ്ചികം ഒന്നിന് തന്നെ അയ്യായിരം രൂപ ദേവസ്വം ബോര്‍ഡിനും പിഴ അടയ്ക്കണമെന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു.
നിലവില്‍ വിശുദ്ധി സേനയാണ് മാലിന്യം നീക്കം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് പ്രത്യേകം നിയോഗിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ ശമ്പളം നല്‍കുന്നത് ദേവസ്വം ബോര്‍ഡും. ദേവസ്വം ബോര്‍ഡില്‍ നിന്നും പിഴ ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമുണ്ട്. തീര്‍ത്ഥാടന കാലത്ത് മാലിന്യ നീക്കത്തിന് ഉള്‍പ്പെടെ പ്രത്യേക ഫണ്ട് പഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ആണ് പഞ്ചായത്ത് മാലിന്യ നീക്കം ഉൾപ്പടെ ഉള്ള പ്രവർത്തികൾക്കായി സർക്കാരിൽ നിന്ന് പ്രത്യേക ഗ്രാന്റ് ആയി വാങ്ങുന്നത്.
ഈ തുക അപര്യാപ്തം ആയതിനാൽ വർധിപ്പിക്കുന്നതിനു ആവശ്യപ്പെട്ടിട്ടുമുണ്ട്. 2024, 2025 വർഷങ്ങളിൽ സർക്കാരിൽ നിന്ന് ഗ്രാന്റ് ലഭിച്ചില്ല എങ്കിലും ഈ തുക കുടിശ്ശിഖയുൾപ്പടെ ലഭിക്കും. ഈ വർഷം ഇതിനോടകം തന്നെ ഗ്രാന്റ് ലഭിച്ചതയാണ് വിവരം. ഈ സാഹചര്യം നിലനിൽക്കേ ആണ് ഓരോ കടകളിൽ നിന്നും മാലിന്യം നീക്കാൻ എന്ന പേരിൽ ദിവസം പ്രതി 100 രൂപ കണക്കിൽ ലൈസൻസ് ഫീസിനൊപ്പം ഈടാക്കുന്നത്.
മാലിന്യ നീക്കം, റോഡിൽ വെള്ളം തളിക്കുക, തുടങ്ങിയ പ്രവർത്തികളിൽ വൻ തുക ആണ് ഓരോ വർഷവും ചിലവായി കാണിക്കുന്നത്. പുറമ്പോക്ക് ഭൂമി കൈയ്യേറി കടകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ പഞ്ചായത്ത് നടപടിയെടുക്കാതെ അന്നത്തെ ഉപജീവനത്തിന് വേണ്ടി കട നടത്തുവരില്‍ നിന്നും അമിത തുക ഈടാക്കുന്നതില്‍ പ്രതിഷേധമുയരുന്നു. വിഷയത്തില്‍ ഇടപെടേണ്ടതിനു പകരം ജനപ്രതിനിധികള്‍ക്കും മൗനം ആണെന്നും വ്യാപകമായി പരാതി ഉയരുന്നുണ്ട്.