പിതാവിൽ നിന്നും പകർന്നു കിട്ടിയ കായിക ആവേശം, മത്സരങ്ങളിൽ സ്വർണ്ണ മെഡൽ, നിരവധി വിദ്യാർത്ഥികൾക്ക് കായികലോകത്തേക്കുള്ള വഴികാട്ടി, വോളിബോളിനെ ജീവനോളം സ്നേ


തലയോലപ്പറമ്പ്: വോളിബോളിനെ ജീവനോളം സ്നേഹിച്ച റോബിൻ തന്റെ ജീവശ്വാസമായി കരുതിയിരുന്ന വോളിബോൾ കളിക്കിടെ കളിക്കളത്തിൽ നിന്നും മടങ്ങുകയാണ്. വോളിബോൾ കളിക്കുന്നതിനിടെ കായികാധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു എന്ന വാർത്ത നാടിനും സുഹൃത്തുക്കൾക്കും ബന്ധുക്കളും ഞെട്ടലോടെയാണ് കേൾക്കാനായത്.

സ്കൂൾ കായികാധ്യാപകനും ജിം ഉടമയുമായിരുന്ന മുളക്കുളം സ്വദേശിയായ റോബിൻ ചാക്കോ (52) ആണ് വോളിബോൾ കളിക്കുന്നതിനിടെ കായികാധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ മുളക്കുളം വോളിബോൾ സ്റ്റേഡിയത്തിൽ കളിക്കുന്നതിനിടെയാണ് മരണം റോബിൻ തട്ടിയെടുത്തത്.

ഹൈജംപിൽ 2 വർഷം സംസ്ഥാന ഇന്റർ കൊളീജിയറ്റ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ റോബിൻ പരേതനായ പോലീസ് ഉദ്യോഗസ്ഥനും വോളിബോൾ താരവുമായിരുന്ന ചാക്കോയുടെ മകനാണ്. 1995-ലും 1996-ലും നടന്ന സംസ്ഥാന ഇന്റർ കൊളീജിയറ്റ് മീറ്റിൽ ആണ് റോബിൻ ഹൈജമ്പിൽ സ്വർണ്ണ മെഡൽ നേടിയത്. വെള്ളൂർ ഭവൻസ് സ്കൂളിലെ അധ്യാപകനായിരുന്ന സമയം നിരവധി വിദ്യാർത്ഥികൾക്ക് കായികലോകത്തേക്കുള്ള വഴികാട്ടി. ഇന്റർവാഴ്സിറ്റി മീറ്റിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റതോടെയാണ് റോബിൻ പിന്നീട് വോളിബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായത്. ഇംഗ്ലണ്ടിലേക്കും ഓസ്‌ട്രേലിയയിലേക്കും ജോലിക്കായി പോയപ്പോഴും വോളിബോളിനോടും കായിക മേഖലയോടുമുള്ള ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. സൗത്ത് ഓസ്‌ട്രേലിയയിലെ വോളിബോൾ സംഘടനയിൽ രജിസ്റ്റർ ചെയ്ത 'അഡ്‌ലെയ്ഡ് ഈഗിൾസ്' എന്ന പ്രശസ്ത മലയാളി വോളിബോൾ ക്ലബ്ബിന്റെ തുടക്കത്തിന് പിന്നിൽ റോബിൻ ചാക്കോയുടെ നിർണ്ണായക നേതൃത്വമുണ്ടായിരുന്നു. മാസ്റ്റേഴ്സ് വോളിബോൾ മത്സരങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നടന്ന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ തൃപ്രയാറിൽ ലെജൻഡ്‌സ് വോളി കേരള സംഘടിപ്പിച്ച ലെജൻഡ്‌സ് വോളി ഫെസ്റ്റിൽ 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 'തൃശ്ശൂർ വോളി ഫ്രണ്ട്സ്' ജേതാക്കളായപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് റോബിനായിരുന്നു. കായികലോകത്തെ അത്രമേൽ സ്നേഹിച്ച കായികരംഗത്തോട് ഹൃദയംകൊണ്ട് ചേർന്നുനിന്ന റോബിന്റെ വിയോഗവർത്ത ഇപ്പോഴും നാടിനു ഉൾക്കൊള്ളാനായിട്ടില്ല.