തലയോലപ്പറമ്പ്: കോട്ടയത്ത് വോളിബോൾ കളിക്കുന്നതിനിടെ കായികാധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് മുളക്കുളം സ്വദേശി റോബിൻ ചാക്കോ (45) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ മുളക്കുളം വോളിബോൾ സ്റ്റേഡിയത്തിലായിരുന്നു സംഭവം. വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളൂർ ഭവൻസ് വിദ്യാലയത്തിലെ പ്രധാന കായിക പരിശീലകനായിരുന്ന അദ്ദേഹം, മറ്റ് നിരവധി വിദ്യാലയങ്ങളിലും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപമുള്ള ഏഷ്യൻ ജിമ്മിന്റെ ഉടമ കൂടിയാണ്.
വിദ്യാർഥികൾക്കും യുവാക്കൾക്കും മികച്ച പരിശീലനം നൽകി കായികരംഗത്ത് സജീവമായിരുന്ന റോബിൻ്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.