എരുമേലി: ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിങ്ങിന് എരുമേലിയിൽ അനുഭവപ്പെടുന്ന വൻ തിരക്ക് പരിഹരിക്കാൻ പൂഞ്ഞാർ എംഎൽഎയുടെ എരുമേലിയിലെ ഓഫീസ് അടിയന്തരമായി ഇടപെട്ടു. നിലവിൽ പ്രതിദിനം 2,000 സ്ലോട്ടുകൾ മാത്രമാണ് കാനനപാത വഴി പോകുന്ന തീർത്ഥാടകർക്കായി അനുവദിച്ചിട്ടുള്ളത്.
ഇത് 4,000 ആയി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അധികൃതർ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് എതിർവശത്തുള്ള ദേവസ്വം ബോർഡ് കെട്ടിടത്തിലെ ബുക്കിങ് കേന്ദ്രത്തിൽ രണ്ട് ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഇതുമൂലം ആയിരത്തോളം തീർത്ഥാടകർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യമാണ്.
അഞ്ച് മണിക്കൂർ വരെ കാത്തുനിന്നാണ് പലർക്കും ബുക്കിങ് ലഭിക്കുന്നത്. നിലയ്ക്കൽ വഴി വാഹനങ്ങളിൽ പോകുന്നവരും ഇവിടെ ബുക്കിങ്ങിനെത്തുന്നത് തിരക്ക് വർധിപ്പിക്കുന്നുണ്ട്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് എംഎൽഎ ഓഫീസ് ബന്ധപ്പെട്ട ദേവസ്വം, പോലീസ് അധികൃതരുമായി ഏകോപനം നടത്തി പരിഹാരശ്രമങ്ങൾ തുടരുകയാണ്.
സ്പെഷ്യൽ കമ്മീഷണർ ഇന്ന് വൈകുന്നേരം എരുമേലി സന്ദർശിച്ച് സ്ലോട്ടുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കൂടുതൽ സ്ലോട്ടുകൾ അനുവദിക്കുന്നതിനൊപ്പം ബുക്കിങ് കൗണ്ടറുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.