മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സരള്‍ എഐ ശില്‍പ്പശാല സംഘടിപ്പിച്ചു.


കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എഎന്‍ആര്‍എഫ് - പെയര്‍ പദ്ധതിയുടെ ഭാഗമായി സരള്‍ എഐ ശില്‍പ്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂതു ഉദ്ഘാടനം ചെയ്തു.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്താനും നിര്‍മ്മിതബുദ്ധി സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ ആശയവിനിമയത്തെ ജനാധിപത്യവല്‍ക്കരിച്ചപ്പോള്‍ നിര്‍മ്മിതബുദ്ധി അറിവിനെ ജനാധിപത്യവല്‍ക്കരിച്ചു. പതിവ് ജോലികള്‍ നിര്‍മ്മിതബുദ്ധി ഏറ്റെടുക്കുന്നതോടെ നമുക്ക് ലഭ്യമാകുന്ന അധിക സമയം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രൊഫ.ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സരള്‍ എഐ പരിശീലനത്തിന് ഹൈദരാബാദ് ഐഐഐടിയിലെ പ്രൊഫസറും അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വിസിറ്റിംഗ് സയന്‍റിസ്റ്റുമായ പ്രൊഫ. പൊന്നുരംഗം കുമാരഗുരു നേതൃത്വം നല്‍കി. സങ്കീര്‍ണ്ണമായ ശാസ്ത്ര-സാങ്കേതിക പ്രബന്ധങ്ങളും പേറ്റന്‍റുകളും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മനസ്സിലാകുന്ന ഭാഷയിലേക്ക് മാറ്റാനും, ലളിതമായ വീഡിയോകള്‍, പോഡ്കാസ്റ്റുകള്‍, പ്രസന്‍റേഷന്‍ സ്ലൈഡുകള്‍, പോസ്റ്ററുകള്‍ എന്നിവ തയ്യാറാക്കാനും മറ്റും ഉപയോഗിക്കാവുന്ന സംവിധാനമാണ് സരള്‍ എ. ഐ. ഐ.ഐ.ഐ.ടി. ഹൈദരാബാദിന്‍റെ സഹായത്തോടെ എ.എന്‍.ആര്‍.എഫ്. ആണ് സരള്‍ (സിംപ്ലിഫൈഡ് ആന്‍ഡ് ഓട്ടോമേറ്റഡ് റിസര്‍ച്ച് ആംപ്ലിഫിക്കേഷന്‍ ആന്‍ഡ് ലേണിംഗ്) എഐ വികസിപ്പിച്ചെടുത്തത്. സരള്‍ എഐയുടെ സാധ്യതകളും വിവിധ മേഖലകളിലെ ഉപയോഗങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് ഉള്ളടക്കം വിവര്‍ത്തനം ചെയ്യുന്നതിനും ആശയവിനിമയം കൂടുതല്‍ സുഗമമാക്കുന്നതിനും സരള്‍ എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. സരള്‍ എഐയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം, ഗവേഷണ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. കേരള സര്‍വകലാശാലയിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്സ് വിഭാഗം അധ്യാപിക ഡോ.ഷീബ കെ., എ ഐ അധിഷ്ഠിത കമ്പ്യൂട്ടേഷണല്‍ ബയോളജിയും, ബയോഇന്‍ഫര്‍മാറ്റിക്സ് മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും അവയുടെ പ്രയോഗങ്ങളും പരിചയപ്പെടുത്തി. ശില്‍പ്പശാലയില്‍ അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. എഎന്‍ആര്‍എഫ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. ഡോ. ഇ.കെ.രാധാകൃഷ്ണന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് പ്രൊഫസര്‍ പ്രൊഫ. ഡോ.എസ്. അനസ് ആശംസകള്‍ നേര്‍ന്ന. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസ് ഡയറക്ടര്‍ പ്രൊഫ. ഡോ. ജ്യോതിഷ ജെ. നായര്‍ നന്ദി രേഖപ്പെടുത്തി.