ശബരിമല മാലിന്യ മുക്തമാക്കാന്‍ വിശുദ്ധി സേനയുടെ 1000 പേര്‍ സജ്ജം; സന്നിധാനത്ത് മാത്രം 300 പേര്‍.


ശബരിമല: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ വൃത്തിയായും മാലിന്യമുക്തമായും സൂക്ഷിക്കാന്‍ ആയിരത്തോളം പേരെ സജ്ജമാക്കി സാനിറ്റേഷന്‍ സൊസൈറ്റി.

പത്തനംതിട്ട ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ ചെയര്‍മാനായും അടൂര്‍ ആര്‍.ഡി.ഒ മെമ്പര്‍ സെക്രട്ടറിയുമായുള്ള സൊസൈറ്റി ആണ് വിശുദ്ധി സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനത്ത് 300 വിശുദ്ധി സേനാംഗങ്ങളെയും പമ്പയില്‍ 250 പേരെയും നിലയ്ക്കലില്‍ 420 പേരെയും പന്തളത്ത് 20 പേരെയും കുളനടയില്‍ 10 പേരെയും വൃത്തിയാക്കുന്നതിനും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തികള്‍ക്കുമായി നിയോഗിച്ചിരിക്കുന്നു.

അയ്യപ്പ സേവാ സംഘത്തിന്റെ സഹായത്തോടെ സേലത്ത് നിന്നാണ് വിശുദ്ധി സേനാംഗങ്ങളില്‍ കൂടുതല്‍ പേരും എത്തിയിട്ടുള്ളത്. സന്നിധാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പ്ലാസ്റ്റിക് ,ജൈവ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുക എന്നതാണ് പ്രധാന ജോലി. ഇതിനായി ദേവസ്വം ബോര്‍ഡ്, കടകള്‍ക്കു മുന്നിലും വിവിധ ഭാഗങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം 300 പേരെയാണ് ക്ലീനിങ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് 15 സെഗ്മെന്റ് ആയി തിരിച്ചാണ് ഇവര്‍ക്ക് ജോലി നല്‍കിയിട്ടുള്ളത് എന്ന് നിലവിലെ സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് എം ബിപിന്‍കുമാര്‍ അറിയിച്ചു. ഡ്യൂട്ടി മജിസ്‌ട്രേറ്റ് ആണ് ദൈനംദിന ക്ലീനിങ് പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നത്. ഓരോ സെഗ്മെന്റിനും ഒരു സെഗ്മെന്റ് ഓഫീസറെ  ജില്ലാ കളക്ടര്‍ നിയോഗിച്ചിട്ടുണ്ട്. പത്തുദിവസത്തേക്ക്്  റൊട്ടേഷന്‍ വരത്തക്ക വിധമാണ് സെഗ്മെന്റ് ഓഫീസര്‍മാരുടെ നിയമനം. തീര്‍ത്ഥാടകര്‍ കയറിവരുന്ന ഇടങ്ങളിലും കടകള്‍ക്കു മുന്നിലും ദേവസ്വം ബോര്‍ഡ് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും ജൈവ- അജൈവ മാലിന്യങ്ങള്‍ പ്രത്യേകം നിക്ഷേപിക്കണമെന്ന് എഴുതിയും വച്ചിട്ടുണ്ട്. നിറയുന്ന മുറയ്ക്ക് വിശുദ്ധ സേനാംഗങ്ങള്‍ എത്തി വേസ്റ്റ് നീക്കം ചെയ്യുന്നു. ഇതിനായി 5 ട്രാക്ടറുകള്‍ അടൂര്‍ ആര്‍ ഡി. ഒയുടെ നേതൃത്വത്തില്‍ എടുത്ത് നല്‍കിയിരിക്കുന്നു. ആവശ്യമെങ്കില്‍ തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതല്‍ ട്രാക്ടറുകള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അവലോകന യോഗത്തില്‍ അറിയിച്ചി്ട്ടുമുണ്ട്. ആയിരം പേരുടെ നിയമനം മകരവിളക്ക് വരെയാണ്. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ബൂട്ട്, ചപ്പല്‍, ഗ്ലൗസ്, സോപ്പ് ,വെളിച്ചെണ്ണ എന്നിവ കൂടാതെ പ്രത്യേകം യൂണിഫോമും നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്.