ശബരിമല സ്‌പെഷ്യൽ സർവീസിനായി കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളിലെ കെഎസ്‌ആർടിസി ബസുകൾ കൂട്ടത്തോടെ പിൻ‌വലിക്കുന്നു; യാത്രാക്ലേശം രൂക്ഷമാകും.


കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമല സ്‌പെഷ്യൽ സർവീസിനായി സർവ്വീസുകൾ വെട്ടിച്ചുരുക്കി കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളിലെ കെഎസ്‌ആർടിസി ബസുകൾ കൂട്ടത്തോടെ പിൻവലിക്കുന്നതോടെ യാത്രാക്ലേശം രൂക്ഷമാകും.

വേണ്ടത്ര ആസൂത്രണമില്ലാതെയാണ്‌ തിരക്കേറിയ റൂട്ടുകളിൽനിന്ന്‌ ബസുകൾ പിൻവലിക്കുന്നതെന്ന്‌ പാസഞ്ചർ അസോസിയഷൻ പരാതിപ്പെടുന്നു. മുൻവർഷങ്ങളിൽ മണ്ഡലകാലത്തിന്‌ മാസങ്ങൾക്ക്‌ മുമ്പ്‌ ഡിപ്പോകളിൽ ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശബരിമല സർവീസിന് സജ്ജമാക്കുമായിരുന്നു. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കൃത്യമായി വിന്യസിക്കും.

ഇത്തവണ അറ്റകുറ്റപ്പണികളോ ജീവനക്കാരുടെ വിന്യാസമോ ആരംഭിച്ചിട്ടില്ല. കട്ടപ്പുറത്തുള്ള ബസുകൾ തുരുമ്പെടുക്കുന്നു. നേരത്തെ സ്പെഷ്യൽ സർവീസിന് നൽകുമ്പോൾ പകരം സർവീസുകൾ അയച്ച് മുടക്കം പരിഹരിച്ചിരുന്നു. ഇത്തവണ ക്രമീകരണമോ മുന്നൊരുക്കമോ ഉണ്ടായില്ല. സ്ഥിരംയാത്രക്കാരെ പെരുവഴിയിലാക്കുന്നതാണ്‌ ഇപ്പോഴത്തെ തീരുമാനം എന്നും പാസഞ്ചർ അസോസിയഷൻ ആരോപിക്കുന്നു. തിരക്കേറിയ റൂട്ടുകളിൽ ലാഭകരമായി സർവീസ് നടത്തുന്ന ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകളാണ് മാറ്റുന്നത്. പാലാ ഡിപ്പോയിൽനിന്നാണ് കൂടുതൽ ബസുകൾ അയക്കുന്നത്‌. നാല് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും രണ്ട് സൂപ്പർ ഫാസ്റ്റ് സർവീസുകളും നൽകണമെന്നാണ് കെഎസ്‌ആർടിസി നിർദേശം. വൈക്കം ഡിപ്പോയിൽനിന്ന് ഇരുവിഭാഗത്തിലേയും ഓരോ ബസുകൾ മാറ്റും. നിലവിലുള്ള ചെയിൻ, ദീർഘദൂര സർവീസുകൾ മുടങ്ങും. മറ്റ്‌ ഡിപ്പോകളിൽനിന്നും ബസുകൾ മാറ്റാൻ നിർദേശമുണ്ട്‌. പകരം ബസ്സുകളെത്തിച്ചു ക്രമീകരണങ്ങൾ ഏർപ്പാടാക്കിയില്ലെങ്കിൽ യാത്രാക്ലേശം രൂക്ഷമാകുമെന്നും യാത്രക്കാർ ഉൾപ്പടെ പറയുന്നു.