'വേണ്ടത് അരനൂറ്റാണ്ട് മുന്നോട്ടുള്ള വികസന പദ്ധതികൾ'; എരുമേലിയ്‌ക്കായി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും, സർക്കാർ ലക്ഷ്യമിടുന്നത് സുഗമമായ തീർത്ഥാടന


എരുമേലി: സർക്കാർ ലക്ഷ്യമിടുന്നത് സുഗമമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആണെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ.എം.ജെ സെബാസ്റ്റ്യൻ.

എരുമേലിയ്‌ക്കായി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും ഒന്നോ രണ്ടോ കൊല്ലത്തേക്കുള്ള പ്രവർത്തനങ്ങളും പദ്ധതികളുമല്ല മറിച്ച് അരനൂറ്റാണ്ട് മുന്നോട്ടുള്ള വികസന പദ്ധതികൾ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ മീഡിയ സെന്റർ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംഎൽഎ.

തീർത്ഥാടനകാലത്തിനുമപ്പുറം നാടിനും നാട്ടുകാർക്കും പ്രയോജനകരമാകുന്ന വികസന പദ്ധതികളാണ് തയ്യാറാക്കേണ്ടത്. എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി എല്ലാ മേഖലകളിൽ നിന്നുള്ള പ്രശനങ്ങൾ പഠിച്ചു അവയിൽ മാറ്റം വരുത്തുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും. എരുമേലിയുടെ സമഗ്ര വികസനത്തിനായി എരുമേലിയിൽ വികസന അതോറിറ്റി ആരംഭിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 9 വകുപ്പ് മന്ത്രിമാരെയും അൻപതോളം വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി തീർത്ഥാടനകാലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും സർക്കാരിന്റെ കൃത്യമായതും ശക്തമായതുമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടനത്തോടനുബന്ധിച്ചു എല്ലാ വകുപ്പുകളും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.