കോട്ടയം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ട്രെയിൻ മാർഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി കേരള റെയിൽവേ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി തീർത്ഥാടകർ കൂടുതലായി എത്തിച്ചേരുന്ന എറണാകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, കായംകുളം എന്നീ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പോലീസ് എയ്ഡ് പോസ്റ്റുകൾ ആരംഭിച്ചു. ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനുള്ള പ്രധാന ഇടത്താവളങ്ങളായാണ് ഈ സ്റ്റേഷനുകളെ സജ്ജീകരിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ സേവനത്തിനായി ഈ പോലീസ് എയ്ഡ് പോസ്റ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
യാത്രാസംബന്ധമായ സംശയങ്ങൾ, മാർഗനിർദേശങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ സഹായം തുടങ്ങി ഭക്തർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഇവിടെനിന്ന് ലഭ്യമാകും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ നിരീക്ഷണവും ഏകോപനവും ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ റെയിൽവേ പോലീസ് കമാൻഡന്റ് കൺട്രോൾ സെന്ററിന്റെ നിരീക്ഷണത്തിലും ഏകോപനത്തിലുമാണ് ഈ എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം. തീർത്ഥാടകർക്ക് സഹായങ്ങൾക്കും വിവരങ്ങൾക്കും കൺട്രോൾ സെന്ററിന്റെ 9846200100 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ അടിയന്തര പോലീസ് സഹായത്തിനായി 112 എന്ന നമ്പറിലും റെയിൽവേ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ സഹായങ്ങൾക്കും പരാതികൾക്കും റെയിൽവേ ഹെല്പ്ലൈൻ നമ്പറായ 139 ലും ബന്ധപ്പെടാവുന്നതാണ്. കേരള പോലീസിന്റെ POL APP മുഖേനയും തീർത്ഥാടകർക്ക് വിവിധ സേവനങ്ങളും സഹായങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് യാത്രാവേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സുരക്ഷാസംബന്ധമായ പ്രശ്നങ്ങളോ നേരിടുന്ന പക്ഷം അതത് റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് എയ്ഡ് പോസ്റ്റുകളുമായി ബന്ധപ്പെടാവുന്നതാണന്ന് റയിൽവേ എസ്.പി. ബി.കൃഷ്ണകുമാർ അറിയിച്ചു.