വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു: സന്നിധാനത്ത് ഭക്തജനത്തിരക്ക്; വെര്‍ച്വൽ ക്യൂ വഴി 60,000 പേര്‍ ഇന്ന് ദര്‍ശനം നടത്തും.


ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന്റെ ആദ്യദിനമായ ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മുതൽ കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു.

വൃശ്ചിക പുലരിയിൽ ശബരിമല സന്നിധാനത്ത് പുതിയ മേൽശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നു. വെര്‍ച്വൽ ക്യൂ വഴി ഇന്ന് മാത്രം ബുക്ക് ചെയ്തിരിക്കുന്നത് 60,000 പേരാണ്. സ്പോട്ട് ബുക്കിംഗ് ഉൾപ്പടെ 80,000 പേര്‍ ഇന്ന് ദര്‍ശനം നടത്തും. മാളികപ്പുറം നട പുതിയ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി തുറന്നു.

പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതല്‍ തീര്‍ഥാടകരെ കടത്തിവിടും. നിലയ്ക്കലിൽ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി ബസ്സിൽ കയറാൻ തീർത്ഥാടകർ തിക്കിത്തിരക്കുന്നത് അപകടങ്ങൾക്ക് കരണമാകുമെന്നതിനാൽ കൂടുതൽ പോലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ചെയിൻ സർവീസുകളുടെ എണ്ണം 90 ആയി ഉയർത്തിയിട്ടുണ്ട്. ഇന്നലെ മാത്രം കെഎസ്ആര്‍ടിസിയുടെ 402 ചെയിൻ സർവീസുകളാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് സർവ്വീസ് നടത്തിയത്. ഈ വർഷം കൂടുതൽ തീർത്ഥാടകരെത്തുമെന്ന നിഗമനത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്തർക്ക് സുഖകരമായ ദർശനം ഉറപ്പാക്കാൻ പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 മുതൽ 85 പേരെ വരെ കയറ്റിവിടുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.