സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികളും; കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്കേർപ്പെടുത്തി സഭ.


കാഞ്ഞിരപ്പള്ളി: സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികളും നടത്തിയെന്ന ആരോപണം സമൂഹമാധ്യമങ്ങളിലുൾപ്പടെ ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്കേർപ്പെടുത്തി സഭ.

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ.വർഗീസ് (അജോ) പേഴുംകാട്ടിലിനെയാണ് സഭാ ശുശ്രൂഷകളിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. വിശുദ്ധ പൗരോഹിത്യ ഉത്തരവുകളും വിശുദ്ധ ശുശ്രൂഷകളും നിര്‍വ്വഹിക്കുന്നതില്‍ നിന്ന് താത്ക്കാലികമായി വിലക്കിക്കൊണ്ട് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റമാണ് ഉത്തരവിട്ടത്.

മേലില്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ ദിവ്യബലി അര്‍പ്പിക്കുന്നതിനോ കൂദാശകള്‍ നല്‍കുന്നതിനോ മറ്റ് പൗരോഹിത്യ ശുശ്രൂഷകള്‍ ചെയ്യുന്നതിനോ അദ്ദേഹത്തിന് അനുവാദമില്ല. വൈദികവൃത്തി സ്വീകരിച്ച ഇരട്ടകള്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവരില്‍ ഒരാള്‍ക്കെതിരെയാണ് ഇപ്പോള്‍ സഭയുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടായിരിക്കുന്നത്. ഫാ.വര്‍ഗീസ് പെഴുംകാട്ടിലിനെതിരെ ഇടവകയ്ക്ക് ഉള്ളില്‍ നിന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് രൂപത കടുത്ത നടപടി എടുത്തിരിക്കുന്നത്. പൗരോഹിത്യത്തിന്റെ വിശുദ്ധിയെ കാറ്റില്‍പ്പറത്തി കോടികളുടെ തട്ടിപ്പുകള്‍ നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായി മാറിയോടെയാണ് രൂപത ഫാ.വര്‍ഗീസ് പെഴുംകാട്ടിലിനെതിരെ താത്ക്കാലിക സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. അതേസമയം സഭാ നടപടികള്‍ക്ക് പുറമേ നിയമ നടപടികളിലേക്ക് കടക്കണമെന്ന ആവശ്യവും സഭയ്ക്കുള്ളില്‍ ഉയരുന്നുണ്ട്. എന്നാൽ സഭയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ വൈദികൻ ഇടപെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു രൂപപോലും സഭയ്ക്ക് നഷ്ടമായിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ആക്ഷേപം ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രൂപത വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ  ഉൾപ്പെടെ പരാതി ഉയർന്നതിനെ തുടർന്ന് രൂപത പ്രാഥമിക അന്വേഷണം നടത്തിയിരുന്നു എന്നാണു വിവരം. ചില ആക്ഷേപങ്ങളിൽ കഴമ്പ് ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രൂപത വൈദികനെ സഭാപരമായ ചുമതലകളിൽ നിന്ന് നീക്കാൻ ഉത്തരവിട്ടത് എന്നാണു ലഭ്യമാകുന്ന വിവരം.