സർക്കാരിന്റെ വികസന പദ്ധതികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്ന നിലപാട്, 55 ലക്ഷത്തിന്റെ ആശുപത്രി നിർമ്മാണം തടഞ്ഞു, ജനദ്രോഹ നടപടികളിൽ പ്രതിഷേധം; കാളകെട്ടിയ


എരുമേലി: അഖില തിരുവിതാംകൂർ മല അരയ മഹാസഭയുടെ ജനവിരുദ്ധവും വികസന വിരുദ്ധവും സാമൂഹിക സ്പർദ്ധ വളർത്തുന്നതുമായ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന നേതാക്കളും പോഷകസംഘടനാ പ്രവർത്തകരടക്കം കാളകെട്ടിയിലെ അൻപതോളം കുടുംബങ്ങൾ സംഘടനയിൽ നിന്ന് രാജിവെച്ചു.

ഇനി മുതൽ നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നവോത്ഥാന പ്രസ്ഥാനമായ മല അരയ മഹാസഭയോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഇവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്തിച്ചേരുന്ന അഴുത കാളകെട്ടിയിൽ കഴിഞ്ഞ മണ്ഡലകാലത്ത് മാത്രം പ്രാഥമിക ചികിത്സ ലഭിക്കാതെ അഞ്ച് തീർത്ഥാടകരുടെ ജീവനാണ് പൊലിഞ്ഞത്. ഓരോ വർഷവും അത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇവിടെ കഴിഞ്ഞ 40 വർഷമായി പ്രവർത്തിക്കുന്ന ജനകീയാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് പുതിയ കെട്ടിടനിർമ്മാണത്തിനായി സർക്കാർ 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ അഖില തിരുവിതാംകൂർ മല അരയ മഹാസഭയുടെ എതിർപ്പ് കാരണം ഈ നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ ആശുപത്രി സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമി കൈക്കലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത് എന്ന് മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സുബിൻ വി അനിരുദ്ധൻ, സതീഷ് എം. എസ് മേനോത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ പ്രദേശത്തെ കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനമായ അംഗൻവാടിയുടെ നവീകരണ പ്രവർത്തനങ്ങളും ഈ സംഘടനയുടെ ശാഖാ ഭാരവാഹികൾ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന കാളകെട്ടിയിൽ ഭക്തർക്കൊ നാടിനോ വേണ്ടി യാതൊരു സേവനവും ചെയ്യാതെ സർക്കാരിൻ്റെ വികസന പദ്ധതികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നത് എന്നും ഇവർ ആരോപിച്ചു. ഇത്തരം നടപടികളെ ചോദ്യം ചെയ്തതിൻ്റെ പേരിൽ സംഘടനയിൽ നിന്നു രാജി വെച്ചവരെയും മറ്റ് സമുദായ പ്രവർത്തകരെയും അടച്ചാക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നും എം.എസ് സതീഷ് പറഞ്ഞു. നാടിനെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്ന  ഇത്തരം സംഘടനയോടൊപ്പം ചേർന്ന് പ്രവർത്തിക്കുക അസാധ്യമാണ് എന്നും അദ്ദേഹം എരുമേലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നാടിൻ്റെ വികസനത്തിനും പുരോഗതിക്കുമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് മല അരയ മഹാസഭ. ശബരിമല കാനനപാതയുടെ സംരക്ഷണം, തീർത്ഥാടകർക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവ: എയ്ഡഡ് മേലയിൽ ഇടുക്കി കോട്ടയം ജില്ലകളിൽ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കുമായി രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒരേ സമയം അയ്യായിരത്തോളം അയ്യപ്പ ഭക്തർക്ക് താമസ സൗകര്യമൊരുക്കി കൊണ്ട് കാളകെട്ടിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള ശബരി പിൽഗ്രിം സെൻ്റർ, തുടങ്ങി വിദ്യാഭ്യാസ-ആരോഗ്യം-ആത്മീയ രംഗത്തും അവകാശ പോരാട്ടങ്ങൾക്കുമായി വിശാല കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന മല അരയ മഹാസഭയോടൊപ്പം ചേർന്ന് ഇന്നുമുതൽ മുന്നോട്ട് പോകാൻ തീരുമാനിച്ചതായും എം.എസ് സതീഷ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സുബിൻ വി അനിരുദ്ധൻ, സതീഷ് എം. എസ് മേനോത്ത് (അഖില തിരുവിതാംകൂർ മല അരയ മഹാസഭ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്), ഉഷ മധു വളകുഴിയിൽ (അഖില തിരുവിതാംകൂർ മല അരയ മഹാസഭ കാളകെട്ടി ശാഖാ മഹിളാ സംഘടന മുൻ പ്രസിഡൻ്റ്), ശാന്തമ്മ തങ്കപ്പൻ വളകുഴിയിൽ (അഖില തിരുവിതാംകൂർ മല അരയ മഹാസഭ കാളകെട്ടി ശാഖാ വനിതാ സംഘടന മുൻ സെക്രട്ടറി) അശ്വതി കപ്ലിയിൽ (അഖില തിരുവിതാംകൂർ മല അരയ മഹാസഭ കാളകെട്ടി ശാഖാ വനിതാ സംഘടന മുൻ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

Next
This is the most recent post.
Previous
Older Post