മദ്യപിച്ച് വാഹനമോടിക്കാൻ അനുവദിക്കില്ല; പരിശോധന ശക്തമാക്കും: രമേശ് ചെന്നിത്തല.


എരുമേലി: രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിരവധി പേരുടെ മരണത്തിന് ഇടയാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാല് ദിവസം കൊണ്ട് പോലീസ് പരിശോധന നടത്തിയപ്പോള്‍ 15000 പേരാണ് മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലാകുന്നത്.

യുവതലമുറയെ നാശത്തിലേയ്ക്ക് നയിക്കുന്ന ലഹരിയ്‌ക്കെതിരെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വിമുക്തി പ്രതിഞ്ജ അദ്ദേഹം ചൊല്ലികൊടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകള്‍ പ്രതിഞ്ജ ഏറ്റു ചൊല്ലി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ കനകപ്പലം ഉന്നതിയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. അഡ്വ.സെബാസ്റ്റിയന്‍ എം. ജെ. അധ്യക്ഷത വഹിച്ചു.

ആദ്യമായാണ് ആഭ്യന്തര മന്ത്രി കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഉന്നതിയായ കനകപ്പലത്ത് എത്തുന്നത്. ജനങ്ങള്‍ വലിയ ആഘോഷത്തോടെ മന്ത്രിയെ വരവേറ്റു. തങ്ങളുടെ നാടിന് വേണ്ട ഓരോ ആവശ്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. യുവ സമൂഹത്തെ ഉള്‍പ്പെടെ ലഹരിയുടെ പിടിയില്‍ നിന്നും മോചിതരാക്കുന്നതിനായി മേഖലയില്‍ കായിക വിനോദങ്ങള്‍ക്കായി ഒരു മൈതാനം വേണമെന്ന് ജനപ്രതിനിധികളെ ബോധ്യപ്പെടുത്തി. നവരശ്മി ക്ലബിന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രിക്ക് പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, എരുമേലി ഗ്രാമപഞ്ചായത്ത്, ശ്രീനിപുരം നവരശ്മി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശ്രീനിപുരത്ത് ലഹരി വിരുദ്ധ ഏകദിന ശിൽപശാല സംഘടിപ്പിച്ചത്. 'ലഹരി വിടൂ, ജീവിതം നേടൂ' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോക്യുമെന്ററി പ്രദർശനം,ബോധവൽക്കരണ ക്ലാസുകൾ, പ്രൊഫഷണൽ കൗൺസിലിംഗ്, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി. പോലീസ്, എക്സൈസ്, വനം വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുടെ സജീവ പങ്കാളിത്തവും പരിപാടി ശ്രദ്ധേയമായി. ലഹരിയുടെ ദൂഷ്യഫലങ്ങൾ, നിയമവശങ്ങൾ, യുവതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ചർച്ചയായി. കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി, കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി എൽ, ജില്ലാ ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി അത്തിക് റഹ്മാൻ, കാഞ്ഞിരപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സൂസൻ മാത്യു, കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയത പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ, ജില്ലാ പഞ്ചായത്ത് അംഗം ആഷാ ജോയി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റെനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂര്യകല, എരുമേലി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയ്യർമാൻ നാസർ പനച്ചി, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, റെജി അമ്പാറ, എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, നവരശ്മി ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.