കാഞ്ഞിരപ്പള്ളി: 5364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പ് 14 ദിവസം കൊണ്ട് നടന്നു കയറി പ്രായം വെറും നമ്പർ മാത്രം അത് അക്കങ്ങളിലും പേപ്പറുകളിലും മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ.
കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കെ ജെ ജേക്കബാണ് എഴുപത്തഞ്ചാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയത്. ഒക്ടോബർ 16ന് നേപ്പാളിൽ നിന്ന് പുറപ്പെട്ട 30 അംഗ സംഘത്തിലെ ഏക മലയാളിയും ജേക്കബ്ബായിരുന്നു. 25 ന് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ജേക്കബ്ബ് 30 ന് തിരിച്ചെത്തി.
40 വയസിൽ താഴെയുള്ളവരായിരുന്നു ഒപ്പമുണ്ടായിരുന്നവർ എന്നും ഒന്നര വർഷക്കാലത്തോളം കിഴക്കൻ മലയോര മേഖലയിലും ഹൈറേഞ്ച് പ്രദേശത്തും നടത്തിയ പരിശീലനത്തിന് ശേഷമായിരുന്നു എവറസ്റ്റ് യാത്രയെന്നും ചിട്ടയായ ഈ പരിശീലനങ്ങളാണ് നേട്ടം കരസ്ഥമാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും ജിമ്മിൽ പോകുകയും 15 കിലോമീറ്ററോളം നടക്കുകയും ചെയ്യുമെന്നും കുട്ടിക്കാനത്തെ ബൈസൺവാലി മല, കൂവപ്പള്ളി കുരിശുമല എന്നിവിടങ്ങളിൽ കയറി പരിശീലനം നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരള റബർ ലിമിറ്റഡ് ചെയർപേഴ്സണും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഭാര്യ ഷീലാ തോമസിന്റെ പിന്തുണയുമാണ് നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.