തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് മുറസു (MURASU) കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിൽ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മുറസു (MURASU ) തുടരുന്നു.
തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും ഉച്ചയോടെ ചുഴലിക്കാറ്റായി (Cyclonic Storm) ദുർബലപ്പെടാൻ സാധ്യത. ഇന്ന് അർധരാത്രിയോടെ വീണ്ടും ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി (deep depression) മാറാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തീരദേശ കർണാടകയ്ക്ക് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും തെക്കൻ തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നവംബർ 3 മുതൽ 8 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ.വരെ) സാധ്യതയുണ്ടെന്നും നവംബർ 03 മുതൽ 08 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.