കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ സീലിംഗ് അടിക്കടി പൊളിഞ്ഞു വീഴുന്ന സംഭവങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ.

ചികിത്സ തേടിയെത്തുന്ന രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും ഭീഷണിയാകുന്ന ഒരു സാഹചര്യവും അംഗീകരിക്കാനാവില്ല. 270 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം 2026 ഫെബ്രുവരി 16നാണ് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്കുള്ളിൽ സീലിംഗ് പൊളിഞ്ഞു തുടങ്ങി, ചോർച്ചയുൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.

നിർമാണത്തിലെ വീഴ്ചകൾക്കും ക്രമക്കേടുകൾക്കും ഉത്തരവാദികളായവർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നിർമാണത്തിലെ ക്രമക്കേടുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ പരിശോധിക്കാനും പോരായ്മകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കാനും സാങ്കേതിക സമിതിയെ നിയോഗിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് നിർദേശവും നൽകിയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമിച്ച ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ഒരാളുടെയും ജീവൻ അപകടത്തിലാകരുത് എന്ന ഉറച്ച നിലപാടാണ് ഈ സർക്കാരിനുള്ളത്. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.