'കയറ്റം കഠിനം', കുത്തനെയുള്ള കയറ്റവും വളവും തിരിവും; അപകടസാധ്യതാ മേഖലയായ കരിങ്കല്ലുംമൂഴിയിലെ കയറ്റം ഒഴിവാക്കി സമാന്തര പാത നിർമ്മിക്കണമെന്ന ആവശ്യത്തിന്


എരുമേലി: എരുമേലി-പമ്പ പാതയിൽ കുത്തനെയുള്ള കയറ്റവും വളവും തിരിവുമുള്ള അപകടസാധ്യതാ മേഖലയായ കരിങ്കല്ലുംമൂഴിയിലെ കയറ്റം ഒഴിവാക്കി സമാന്തര പാത വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. കുത്തുകയറ്റം വരുന്ന കരിങ്കല്ലുംമൂഴിയിലെ കയറ്റം ഒഴിവാക്കാൻ ബദൽപാത നിർമിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.

എന്നാൽ ഇവയെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമായി ഒരുങ്ങുകയായിരുന്നു. ഓരോ വർഷവും ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അപകടസാധ്യതാ മേഖലയായ കരിങ്കല്ലുംമൂഴിയിലെ കയറ്റം ഒഴിവാക്കി സമാന്തര പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് തീർത്ഥാടകരുടെ വലിയ വാഹനങ്ങൾ ഇതുവഴി കടത്തി വിടാറില്ല. എന്നാൽ മാസപൂജകൾക്കായി എത്തുന്ന തീർത്ഥാടകരുടെ വലിയ വാഹനങ്ങൾ ഉൾപ്പടെ ഈ കയറ്റം കയറിയാണ് ശബരിമലയിലേക്ക് പോകുന്നത്.

സീസൺ സമയത്ത് വലിയ ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടാറുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മറ്റു വാഹനങ്ങൾ കയറ്റത്തിൽ കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്. ഇതുമൂലം ചിലപ്പോൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും ഈ തടസ്സം കാരണമാകാറുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ പരിചയക്കുറവ് കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ സാധിക്കാതെ നിന്ന് പോകാൻ കാരണമാകാറുണ്ട്. കയറ്റം കയറി നിന്ന് പോകുന്ന വാഹനങ്ങൾ പിന്നീട് ക്രെയിൻ എത്തിച്ചാണ് മുകളിലേക്ക് വലിച്ചു കയറ്റുന്നത്. അപകടസാധ്യത മുൻകരുതലിന്റെ ഭാഗമായും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി പമ്പയിൽ നിന്നും തിരികെയെത്തുന്ന വാഹനങ്ങൾ എംഇഎസ് കോളേജ് ജംക്ഷനിൽ നിന്നും വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. കരിങ്കല്ലുംമൂഴിയിലെ അപകടവളവും കുത്തനെയുള്ള കയറ്റവും ഒഴിവാക്കാൻ സമാന്തര റോഡ് നിർമ്മിക്കാനുള്ള പദ്ധതി വേഗത്തിലാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. സമാന്തര പാത എന്ന ആവശ്യത്തിന് ഏകദേശം ഇരുപത്തിയഞ്ചു വർഷത്തെ പഴക്കമുണ്ടെന്നും നാട്ടുകാർ പറയുന്നു. ശബരിമല തീർത്ഥാടനകാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ വഴിയിലൂടെ കടന്നു പോകുന്നത്. പല വർഷങ്ങളിലായി നിരവധി അപകടങ്ങളും മേഖലയിൽ സംഭവിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് മുൻപ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നിർദേശപ്രകാരം ദേശീയപാത അതോറിറ്റിയും പൊതുമരാമത്തു വകുപ്പും ചേർന്ന് പരിശോധന നടത്തുകയും സമാന്തര റോഡിന്റെ സാധ്യതകൾ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് പൊതുമരാമത്തും വകുപ്പും ദേശീയപാതാ അധികൃതരും തുടർനടപടികൾ സ്വീകരിച്ചില്ല. റോഡിന്റെ അപകട സ്ഥിതി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ബിനു നിരപ്പേൽ പൊതുമരാമത്ത് വകുപ്പിനു പരാതി നൽകിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ കാര്യങ്ങൾ വിളിച്ചു അന്വേഷിച്ചെങ്കിലും പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. ഏകദേശം മുന്നൂറ് മീറ്ററോളം കുത്തനെയുള്ള കയറ്റവും മറുവശം കാണാനാകാത്ത വിധമുള്ള എസ് ആകൃതിയിലുള്ള അപകടകരമായ വളവുകളുമാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ടിൽ ശബരിമലപ്പാതയിലെ കരിങ്കല്ലുമ്മൂഴി ബ്ലാക്ക് സ്‌പോട്ടാണ്. കുത്തനെയുള്ള കയറ്റം പോലെ അപകടകരമാണ് മേഖലയിലെ കുത്തനെയുള്ള ഇറക്കവും. ഇറക്കമിറങ്ങി കരിങ്കല്ലുംമൂഴി ജംങ്ഷനിലേക്ക് എത്തുന്ന റോഡിൽ ഇടതു ഭാഗത്ത് സുരക്ഷാ വേലികൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.