കോട്ടയം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി,സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ മിന്നൽ പരിശോധന നടത്തുകയും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
തിയേറ്ററുകളിലെ ലഘുഭക്ഷണ ശാലകളിൽ പോപ്‌കോൺ, ചായ തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറവ് വരുത്തുന്നതായും കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ സ്വീകരിച്ചു. തിയേറ്ററുകളിൽ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദർശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടർന്നാണു സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയത്.
കോട്ടയം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 3 തിയേറ്ററുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. കോട്ടയത്തെ ധന്യ രമ്യ തിയേറ്ററിൽ പോപ്‌കോൺ തൂക്കം കുറച്ചു വില്പന നടത്തിയതിനു കേസെടുത്തു. നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കി.
കോട്ടയത്തെ അനുപമ തിയേറ്റർ, കുമരകത്തെ വെൽവെറ്റ് വ്യൂ തിയേറ്റർ എന്നിവിടങ്ങളിൽ നോൺ സ്റ്റാൻഡേർഡ് അളവ് ഉപയോഗിച്ചു വിൽപ്പന നടത്തിയതിനു തിയേറ്ററുകൾക്ക് നോട്ടീസ് നൽകി. സംയുക്ത മിന്നൽ പരിശോധനയിൽ സംസ്ഥാനത്ത് 26 കേസുകൾ രജിസ്റ്റർ ചെയ്തു. 5 തിയേറ്ററുകൾക്ക് കാരണം കാണിക്കൽ നോട്ടീസുകൾ നൽകി. പിഴയായി 62000 രൂപയും ചുമത്തി.