‘ഹൃദയമുള്ള കമ്മ്യൂണിസ്റ്റുകാരി’ തിരുവഞ്ചൂര്‍ തോളില്‍ തട്ടി അഭിനന്ദിച്ചു; നൂറ് സഖാക്കള്‍ ഒന്നിച്ചുവന്ന് തോളില്‍ തട്ടി അഭിനന്ദിച്ചപോലെ-സോഷ്യല്‍മീഡിയ ഇന്


കോട്ടയം: കോട്ടയം സംക്രാന്തിയില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം പരിപാടിയില്‍ പങ്കെടുത്ത സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറുടെ അനുഭവം വൈറലാകുന്നു.

സ്വീറ്റി എബ്രഹാം എന്ന ആങ്കര്‍ ആണ് തനിക്ക് ലഭിച്ച അഭിമാനകരമായ മറക്കാനാകാത്ത അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്വീറ്റി പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സംക്രാന്തിയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പങ്കെടുത്ത പരിപാടിയിൽ ആങ്കറായിരുന്നു സ്വീറ്റി.

തിരുവഞ്ചൂരിനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം സ്വീറ്റി വേദിയിൽ സംസാരിച്ചിരുന്നു. ഒരു കമ്മ്യുണിസ്റ്റ് അനുഭാവിയായ താൻ പതിറ്റാണ്ടുകളായി രാഷ്ട്രീയ മേഖലയിൽ സജീവമായിരിക്കുന്ന തിരുവഞ്ചൂരിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം വേദിയിൽ പങ്കിട്ടത് പഠിച്ചു പറഞ്ഞതല്ല മറിച്ച് അറിയാവുന്ന കാര്യങ്ങളും മനസ്സിലുള്ളതുമാണ് പറഞ്ഞതെന്നും സ്വീറ്റി പറയുന്നു.

തന്റെ വാക്കുകളും ഉച്ചാരണവുമെല്ലാം മനോഹരമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ തോളില്‍ തട്ടി അഭിനന്ദിച്ചു എന്നും സ്വീറ്റി വീഡിയോയിൽ പറയുന്നു. സംസാരങ്ങൾക്കിടെ താനൊരു കമ്മ്യൂണിസ്റ്റുകാരിയാണെന്ന് പറഞ്ഞതോടെ സദസ്സിൽ ഒരു ചിരി പടർത്തിയിരുന്നു. തൊട്ടുപിന്നാലെ ‘ഹൃദയമുള്ള കമ്മ്യൂണിസ്റ്റുകാരി’ എന്നാണ് അദ്ദേഹം തന്നെ അഭിനന്ദിക്കാനായി വിശേഷിപ്പിച്ചത് എന്നും ഇത് നൂറ് സഖാക്കള്‍ ഒന്നിച്ചുവന്ന് തോളില്‍ തട്ടി അഭിനന്ദിച്ചപോലെയാണ് തനിക്കെന്നും സ്വീറ്റി പറയുന്നു. ഇത്രയും വർഷത്തെ രാഷ്ട്രീയ അനുഭവങ്ങളുള്ള ഒരു വ്യക്തി യുഡിഎഫിലെ ഒരു മികച്ച നേതാവ് ഇങ്ങനെ പറഞ്ഞപ്പോൾ വലിയ അഭിമാനമാണെന്നും പറഞ്ഞറിയിക്കാനാകാത്ത ഒരുപാട് സന്തോഷമുണ്ടെന്നും സ്വീറ്റി പറയുന്നു. ''സംഘടനകള്‍ പലതുണ്ടാവാം, കൊടിനിറം പലതുണ്ടാവാം, രാഷ്ട്രീയ ലക്ഷ്യം എന്നുപറയുന്നത് ക്ഷേമവും നീതിയുമാണ്. അപരന്റെ പ്രശ്നത്തിനു താങ്ങാവുക എന്നതാണ് എല്ലാത്തിനും അടിസ്ഥാനം ആയുള്ളത്. ഞാൻ ഒരു രാഷ്ട്രീയക്കാരിയാണെന്നു പറയാനും കമ്മ്യുണിസ്റ്റ് അനുഭാവിയാണെന്നു പറയാനും തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്ന് തോളത്ത് രണ്ട് തട്ട് വാങ്ങിയ മിടുക്കിയാണെന്നു പറയാനും അഭിമാനം മാത്രമേയുള്ളൂ’ എന്നും സ്വീറ്റി പറയുന്നു.