എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് തിരക്കൊഴിവാക്കി അയ്യനെ ദർശിക്കാനുള്ള സുഗമ മാർഗ്ഗവുമായി ദേവസ്വം ബോർഡും കേരള പൊലീസും ചേർന്ന് ഒരുക്കിയ വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം സജ്ജമായി.
ഇന്ന് രാവിലെ മുതൽ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. മൂന്ന് പാതകൾ വഴി പ്രതിദിനം 80,000 പേർക്കാണ് പ്രവേശനം. പ്രത്യേക ദിവസങ്ങളിൽ മാറ്റമുണ്ടാകും. മൊബൈൽ വഴിയോ കംപ്യൂട്ടറിലൂടെയോ സ്വന്തമായി തന്നെ ബുക്കിങ് നടത്താവുന്നതാണ്. എരുമേലി-കാനനപാത വഴി പ്രതിദിനം 3,000 ഭക്തര്‍ക്കും വണ്ടിപ്പെരിയാര്‍-സത്രം പാത വഴി 3,000 ഭക്തര്‍ക്കും ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കും.
നിലയ്ക്കല്‍-പമ്പ പാതയിലൂടെ ദിവസേന 60,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാനായി സാധിക്കുന്നത്. ഇതോടൊപ്പം നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. നിലയ്ക്കലിലെ കേന്ദ്രം വഴി പ്രതിദിനം 10,000 ഭക്തര്‍ക്കും എരുമേലിയിലും വണ്ടിപ്പെരിയാര്‍ സത്രത്തിലുമുള്ള കേന്ദ്രങ്ങള്‍ വഴി 2,000 പേര്‍ക്ക് വീതവും പ്രവേശനം അനുവദിക്കും.
ചിത്തിര ആട്ട തിരുനാളിനായി നവംബർ ആറിന് നട തുറക്കും. മണ്ഡലപൂജ മഹോത്സവത്തിനായി നവംബർ 16ന് തുറക്കുന്ന ഡിസംബർ 27നാണ് അടയ്‌ക്കുക. വെർച്വൽ ക്യൂ ബുക്കിങ് സൗജന്യമാണെങ്കിലും, ഭക്തർക്ക് താത്‌പര്യമനുസരിച്ച് അഞ്ചുരൂപമുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറൽ ഫണ്ടിലേക്കും സംഭാവന നൽകാം. ഇത് നിർബന്ധമല്ല.