ഉത്‌ഘാടനത്തിനു പിന്നാലെ വീഴ്ചകൾ തുടർച്ചയാകുന്നു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിൽ സീലിങ്ങും ഭിത്തിയുടെ ചെറു ഭാ


കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിൽ ഉത്‌ഘാടനത്തിനു പിന്നാലെ വീഴ്ചകൾ തുടർച്ചയാകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിൽ സീലിങ്ങും ഭിത്തിയുടെ ചെറു ഭാഗവും അടർന്നു വീണ സംഭവത്തിൽ പരിക്കേൽക്കാതെ ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിൽ ജീവനാക്കാർക്കുള്ള ശുചിമുറി സജ്ജീകരിച്ചിരിക്കുന്ന ഭൂഗർഭ നിലയിലുള്ള ശുചിമുറിയുടെ സീലിങ്ങും ഭിത്തിയിലെ ഹോളോബ്രിക്സ് കട്ടയുടെ ഭാഗവുമാണ് അടർന്നുവീണത്. മുറിക്കുള്ളിലേക് കയറുന്നതിനായി ജീവനക്കാരി എത്തിയപ്പോഴായിരുന്നു സംഭവം. മുറിയിലേക്ക് പ്രവേശിക്കുന്ന സമയത്തായതിനാൽ പരിക്കേൽക്കാതെ ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതകളും ഗുണമേന്മയില്ലാത്തതും പാകപ്പിഴകളുമാണ് സീലിംഗ് അടർന്നു വീഴാൻ കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.

കഴിഞ്ഞ ദിവസവും പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിൽ സീലിംഗ് അടർന്നു വീണിരുന്നു. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സീലിം​ഗ് അടർന്നു വീണത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക്‌ കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു ഔദ്യോഗിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നിർമാണ കമ്പനിയായ ഹൈറ്റ്സിന് കത്തുനൽകിയിരുന്നു. പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിലാണ്. ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അധികൃതർ, മെഡിക്കൽ കോളജ് അധികൃതർ, നിർമാണക്കമ്പനിയുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന സംഘമാണ് ജൂലൈ മാസത്തിൽ പരിശോധന നടത്തിയത്. കെട്ടിടനിർമാണത്തിലെ പോരായ്മകളും തകരാറുകളും പരിഹരിച്ചതിനു ശേഷം മാത്രമേ കെട്ടിടം ഏറ്റെടുക്കുകയുള്ളൂവെന്ന കർശന നിലപാടിലാണ് ആശുപത്രി അധികൃതർ.

 

Next
This is the most recent post.
Previous
Older Post