ഉത്സവപ്രേമികളുടെ പ്രിയങ്കരനായ 'പല്ലാട്ട് കുട്ടി'; ശാന്തസ്വഭാവം കൊണ്ട് ശ്രദ്ധേയനായ കൊമ്പൻ, ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു.


പാലാ: ഉത്സവപ്രേമികളുടെ പ്രിയങ്കരനായ 'പല്ലാട്ട് കുട്ടി', ശാന്തസ്വഭാവം കൊണ്ട് ശ്രദ്ധേയനായ കൊമ്പൻ, ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. പാലാ അമ്പാറയിലെ പല്ലാട്ട് തറവാട്ടിലെ 'പല്ലാട്ട് കുട്ടി' എന്നറിയപ്പെട്ടിരുന്ന ഗജരാജന് ഇന്ന് വൈകിട്ടാണ് മിന്നലേറ്റത്.

പാലാ ഭരണങ്ങാനം സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ മിന്നലേൽക്കുകയായിരുന്നു. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിച്ചു. ശാന്തസ്വഭാവം കൊണ്ടും ആകർഷകമായ ശാരീരിക ലക്ഷണങ്ങൾ കൊണ്ടും ശ്രദ്ധേയനായ കൊമ്പൻ ആയിരുന്നു ഉത്സവപ്രേമികളുടെ പ്രിയങ്കരനായ പല്ലാട്ട് ബ്രഹ്‌മദത്തൻ.

അരുണാചൽ പ്രദേശിലെ വനങ്ങളിൽ നിന്നും തപ്പാനയായിരുന്ന ബ്രഹ്‌മദത്തനെ കോട്ടയം പുതുപ്പള്ളി സ്വദേശി പോത്തൻ വർഗീസ് ആണ് കേരളത്തിൽ എത്തിച്ചത്. ആദ്യകാലങ്ങളിൽ പുതുപ്പള്ളി ബ്രഹ്മദത്തൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പിൽക്കാലത്ത് പാലാ ഭരണങ്ങാനം സ്വദേശിയായ അഡ്വ. രാജേഷ് പല്ലാട്ട് ആനയെ സ്വന്തമാക്കുകയും 'പല്ലാട്ട് ബ്രഹ്മദത്തൻ' എന്ന പേരിൽ പിന്നീട് അറിയപ്പെടുകയായിരുന്നു.

തൃശ്ശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 1999-ല്‍ അമ്പാറയിലെ പല്ലാട്ട് വീട്ടിലേക്ക് ബ്രഹ്‌മദത്തൻ എത്തുന്നത്. ഏകദേശം 40 വയസാണ് ഇപ്പോൾ പ്രായം. ബ്രഹ്മദത്തനെ ദീർഘകാലം പരിചരിച്ചിരുന്ന പ്രശസ്ത പാപ്പാൻ ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ  2021-ൽ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നിലെത്തി ബ്രഹ്മദത്തൻ തുമ്പിക്കൈ ഉയർത്തി പ്രണാമം അർപ്പിച്ച ദൃശ്യം ഏറെ വികാരാധീനമായ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. അപ്രതീക്ഷിത വിയോഗം ആനപ്രേമികളെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.