കറുകച്ചാലിൻ്റെ നന്മ കേരളത്തിന് മാതൃക! കറുകച്ചാൽ ബൈപ്പാസ് നിർമ്മാണത്തിനായി നെത്തല്ലൂരിൽ കുരിശടി പൊളിച്ചു മാറ്റി; ഇടവക സമൂഹത്തിന് സ്നേഹാദരവ് അറിയിച്ചു എ


കറുകച്ചാൽ: കറുകച്ചാലിൻ്റെ നന്മ കേരളത്തിന് മാതൃകയാണെന്ന് കാഞ്ഞിരപ്പളി എംഎൽഎ പ്രൊഫ.റോണി കെ ബേബി പറഞ്ഞു. കറുകച്ചാൽ ബൈപ്പാസ് നിർമ്മാണത്തിനായി നെത്തല്ലൂരിൽ കുരിശടി പൊളിച്ചു മാറ്റി നാടിൻറെ വികസനത്തിനായി ഒപ്പം നിന്ന ചമ്പക്കര സെന്റ് ജോസഫ് ഇടവക സമൂഹത്തിന് സ്നേഹാദരവ് അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചമ്പക്കര സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള നെത്തല്ലൂർ കുരിശടി ബൈപ്പാസ് നിർമ്മാണത്തിനായി പൊളിച്ചുമാറ്റാൻ അനുമതി നൽകിയ വികാരി അച്ചന്റെയും പള്ളി കമ്മിറ്റിയുടെയും തീരുമാനം കേരളത്തിനു മുഴുവൻ മാതൃകയാണ് എന്നും എംഎൽഎ പറഞ്ഞു. ചമ്പക്കര ഇടവക സമൂഹത്തിന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൻ്റെ സ്‌നേഹാദരവ് പള്ളിവികാരി ഫാ. സഖറിയാസ് കാരിവേലിയേയും സഹവികാരി ഫാ. ജേക്കബ് പടമറ്റത്തിനെയും പള്ളിക്കമ്മിറ്റി അംഗങ്ങളെയും എംഎൽഎ നേരിൽ കണ്ട് അറിയിച്ചു.

കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യു ജോൺ, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മുതിരമല, രാജേഷ് കടാച്ചിറ, ബിജു പാലക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. കുരിശുപള്ളിയുടെ കുരിശടിയും സ്ഥലവും നാടിന്റെ റോഡ് വികസനത്തിനായി വിട്ടുനൽകാൻ ഇടവക സമൂഹം ഒത്തൊരുമിച്ചു തീരുമാനിക്കുകയായിരുന്നു.

റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ നെത്തല്ലൂർ ഭാഗത്തേയ്ക്ക് വലിയ വാഹനങ്ങൾ തിരിയാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് കണക്കിലെടുത്താണ് കുരിശടി പൊളിച്ചു മാറ്റാൻ തീരുമാനമായത്. കുരിശടി പൊളിച്ചു മാറ്റി സ്ഥലം റോഡിനായി സൗജന്യമായി വിട്ടുനൽകുകയായിരുന്നു. 1932 ൽ നിർമ്മിച്ച കുരിശടിയാണ് പൊളിച്ചു മാറ്റിയത്. കുരിശടിയിലെ ഗീവർഗീസ് സഹദായുടെ രൂപം കുരിശുപള്ളിക്ക് ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചു.