പാലാ: കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകളില് നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്ഷത്തിനുള്ളില് തീര്പ്പാക്കുമെന്ന് റവന്യു മന്ത്രി എ.പി. അനില് കുമാര് പറഞ്ഞു. നെല്ലിയാനിയില് പാലാ മിനി സിവില് സ്റ്റേഷന് അനെക്സ് നാടിനു സമര്പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 മുതലുള്ള രണ്ടര ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. നൂറു ദിന കര്മ്മ പരിപാടിയില് തരംമാറ്റവുമായി ബന്ധപ്പെട്ട 25000 പരാതികള് പരിഹരിക്കാനാണ് സര്ക്കാര് ലക്ഷ്യമിട്ടത്. എന്നാല് ഈ സമയപരിധിക്കുള്ളില് 51000 അപേക്ഷകളില് തീര്പ്പു കല്പ്പിച്ചു. 5000 പട്ടയങ്ങള് നല്കാന് ഉദ്ദേശിച്ച സ്ഥാനത്ത് 11000 പട്ടയങ്ങള് നല്കി. പട്ടയ വിതരണം ഉള്പ്പെടെയുള്ള വിഷയങ്ങളിലെ തടസങ്ങള് പരിഹരിക്കുന്നതിന് രണ്ടാം ഭൂപരിഷ്കരണം സഹായകമാകും.
പുതിയ കെട്ടിടം നിര്മിക്കാതെതന്നെ പാലാ മിനി സിവില് സ്റ്റേഷന് അനക്സ് വിപുലീകരിക്കുന്നതിനുള്ള പദ്ധതിക്ക് പിന്തുണ നല്കും. ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ജനങ്ങള്ക്ക് മികച്ച സേവനം ഉറപ്പക്കുന്നതിനും സര്ക്കാര് പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ അപേക്ഷകളില് പരിഹാരമുണ്ടാക്കാന് കഴിഞ്ഞില്ലെങ്കിലും മനസു വിഷമിച്ച് മടങ്ങുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന് ഉദ്യോഗസ്ഥര് ജാഗ്രത പാലിക്കണം-മന്ത്രി നിര്ദേശിച്ചു.
സിവില് സ്റ്റേഷന് അനക്സിലെ ഓഫീസുകളുടെ പ്രവര്ത്തനോദ്ഘാടനം ജലവിഭവ - ഭവന നിര്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്സ് ജോസഫ് നിര്വഹിച്ചു. മാണി സി. കാപ്പന് എം.എല്.എ. അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, എം.ജെ സെബാസ്റ്റ്യന് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര് ചേതന് കുമാര് മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് പ്ലാക്കൂട്ടം, ജോയി സ്കറിയ, ബിന്ദു സുരേന്ദ്രന്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, മറ്റു ജനപ്രതിനിധികള്, എ.ഡി.എം. സോളി ആന്റണി, ആര്.ഡി.ഒ. ഷാഹിന രാമകൃഷ്ണന്, തഹസില്ദാര് സജിമോന് മാത്യു, രാഷ്ട്രീയപാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.