മണിമല: മലയാള ചലച്ചിത്ര പ്രവർത്തകനും യുവ സംവിധായകനുമായ ബൽരാജ് കളരിക്കൽ(ചെഗു-28) അന്തരിച്ചു. ശനിയാഴ്ച കൊച്ചിയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോട്ടയം മണിമല സ്വദേശിയാണ്. ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസിന്റെ സംവിധായകനാണ്. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. നിഴൽ, മധുരം, ഡാകിനി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ബൽരാജ് 'കാപ്പി സ്ക്വാഡ്' എന്ന വെബ് സീരീസിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സീരീസ് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
യുവ സംവിധായകന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമാണ് ബൽരാജ് താമസിച്ചിരുന്നത്. റൂമിൽ തുടർച്ചയായി ബെൽ അടിച്ചിട്ടു വാതിൽ തുറക്കാത്തത് ശ്രദ്ധയില്പെട്ടതിനു പിന്നാലെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മണിമല കളരിക്കൽ സുരേഷിന്റെ മകനാണ് ബല്രാജ്. ആതിരയാണ് ഭാര്യ. അമ്മ സ്മിത, സഹോദരി സോജ. മൃതദേഹം ഞായറാഴ്ച വൈകുന്നേരം മണിമല മൂങ്ങാനിയുള്ള വീട്ടിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും.