കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 7 മുതൽ ഒക്ടോബർ 21 വരെ.


പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണ മുകാംബിയിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 7 മുതൽ 21 വരെ നടക്കും. സാരസ്വത വീണയിലെ സപ്തസ്വരങ്ങളെ കൊണ്ട് ശ്രവണ സുന്ദരമായ സംഗീതവും നൃത്തവുമായിമായി ക്ഷേത്രസന്നിധിയും കലാമണ്ഡപവും ഭക്തി മുഖരിതമാവുകയാണ്.

വിഭിന്നവും വിപുലവുമായ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്ന കലകളുടെയും സർഗ്ഗാത്മകതയുടെയുംടെയും അക്ഷരാരംഭത്തിന്റെയും ആത്മസംതൃപ്തിയുടെയും ആഘോഷമായ നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 7 രാവിലെ 8 മണിക്ക് ഭദ്രദീപപ്രകാശനം നടക്കുന്നു. സംഗീത, നൃത്ത, വാദ്യകലകളുടെ അരങ്ങേറ്റം, ദേശീയസംഗീതനൃത്തോത്സവം, കഥകളി, ചാക്യാർകുത്ത്, സംഗീതസരസ്വതി, കച്ഛപിപുരസ്കാരങ്ങൾ, സാരസ്വതം സ്കോളർഷിപ് വിതരണങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു കലാമണ്ഡപത്തിൽ അരങ്ങേറും.

ഒക്ടോബർ 18 വൈകിട്ട് 6.30ന് ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്പ്പും നടക്കും. 19ന് ദുർഗ്ഗാഷ്ടമി, 20ന് മഹാനവമി ദർശനവും ദക്ഷിണമൂകാംബി സംഗീതോത്സവവും. 21ന് രാവിലെ 4 മണിക്ക് പൂജയെടുപ്പോടുകൂടി വിദ്യാരംഭത്തിനു തുടക്കമാകുന്നു. കലോപാസകരുടെ വർധന കണക്കിലെടുത്ത് നാലു ദിവസം കൂടി ഉൾപ്പെടുത്തി 15 ദിവസത്തെ ഉത്സവ ആഘോഷം നടക്കുന്നു. ഈ ദിനങ്ങളിൽ 3000ൽപ്പരം കലോപാസകർ വേദിപങ്കിടുന്നു.

ക്ഷേത്ര അനുഷ്ഠാനങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ മുറജപം, പുരുഷ സൂക്താർച്ചന, ചക്രാബ്ജ പൂജ, പുഷ്പാഭിഷേകം,നിറമാല, സാരസ്വത സൂക്താർച്ചന തുടങ്ങിയ പൂജകൾ തന്ത്രി മുഖ്യൻ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ദുർഗാഷ്ടമി , മഹാനവമി എന്നീ ദിവസങ്ങൾ ഒഴികെ വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടത്തിവരുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രമാണ് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക. വിദ്യാരംഭം ദിവസം പതിനായിരക്കണക്കിനു കുഞ്ഞു കുരുന്നുകളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കും.