അതിജീവനത്തിന്റെ അലകളുയർത്തി ചേരിക്കത്തറ കടവ്; പ്രകൃതി ദുരന്തങ്ങൾക്കെതിരെ പടയൊരുക്കം, ജീവൻ രക്ഷിക്കാൻ കൈകോർത്ത് കോട്ടയത്തിന്റെ കാവലാളുകൾ!


കോട്ടയം: അതിജീവനത്തിന്റെ അലകളുയർത്തി ചേരിക്കത്തറ കടവ്. കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, കോട്ടയം ജില്ലാ സ്കൂബ ടീം, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേരിക്കത്തറ കടവ് ഭാഗത്ത് ജലരക്ഷാ മോക്ക് ഡ്രില്ലും പ്രായോഗിക പരിശീലനവും പൊതുജനങ്ങൾക്കായി സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യങ്ങളിൽ ശാസ്ത്രീയമായി രക്ഷാപ്രവർത്തനം നടത്തേണ്ട രീതികൾ, ജലാശയങ്ങളിൽ ആളുകൾ അകപ്പെട്ടാൽ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് അംഗങ്ങൾ നാട്ടുകാർക്ക് ക്ലാസെടുത്തു. തുടർന്ന് ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തി.

വെള്ളത്തിൽ സുരക്ഷിതമായി പൊങ്ങിക്കിടക്കുന്നതിനുള്ള ഫ്ലോട്ടേഷൻ ഉപകരണങ്ങൾ ശരിയായ രീതിയിൽ ധരിക്കുന്നതിനെക്കുറിച്ചും അവ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനെക്കുറിച്ചും പൊതുജനങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകി. അഗ്നിരക്ഷാസേനയുടെ ഡിങ്കി ബോട്ട് ഉപയോഗിച്ച് വെള്ളത്തിൽ അകപ്പെട്ടവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുള്ള രീതികളും പരിചയപ്പെടുത്തി. വൈകുന്നേരം ഏഴുമണിക്കുശേഷം ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനാവശ്യമായ പരിശീലനവും സംഘടിപ്പിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള കാഷ്വാലിറ്റി സെർച്ചിങ് (Casualty Searching), പരിക്കേറ്റവരെ സ്ട്രെച്ചർ ഉപയോഗിച്ച് സുരക്ഷിതമായി മാറ്റുന്നതിനുള്ള സ്ട്രെച്ചർ വാക്ക് (Stretcher Walk) തുടങ്ങിയ രക്ഷാപ്രവർത്തന രീതികളിലും പരിശീലനം നൽകി. കോട്ടയം സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ സ്മികേഷ്, കോട്ടയം നിലയത്തിലെ പോസ്റ്റ് വാർഡൻ ജെറോം എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. വെള്ളപ്പൊക്കം, ജലാപകടങ്ങൾ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ അറിവും പ്രായോഗിക പരിചയവും പകർന്നു നൽകുന്നതിനും പരിപാടി യിലൂടെ സാധിച്ചു.