കാഞ്ഞിരപ്പള്ളിയിൽ പാൽ വിതരണവാഹനം നിയന്ത്രണംവിട്ടു മരത്തിലിടിച്ച് ചിറ്റടി സ്വദേശിക്ക് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പാൽ വിതരണവാഹനം നിയന്ത്രണംവിട്ടു മരത്തിലിടിച്ച് ചിറ്റടി സ്വദേശിക്ക് ദാരുണാന്ത്യം. കെ കെ റോഡിൽ കാഞ്ഞിരപ്പളളി-പൊൻകുന്നം റോഡിൽ പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

പൊൻകുന്നം ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചിറ്റടി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരിച്ചത്. ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. അഗ്നിരക്ഷാ സേനയും പോലീസുമെത്തി വാഹനത്തിന്റെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ജോസ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.